കെവിൻ വധക്കേസിൽ ഇരുപത്തിയെട്ടാം സാക്ഷി അബിന്‍ പ്രദീപ് കൂറുമാറി. പ്രതികളുടെ സുഹൃത്തായ അബിൻ ചങ്ങനാശ്ശേരി മജിസ്ട്രേറ്റിന് നൽകിയ രഹസ്യ മൊഴിയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. പ്രതികൾക്ക് അനുകൂലമായ മൊഴിയാണ് നൽകിയിരിക്കുന്നത്.
കെവിനെ തട്ടിക്കൊണ്ട് പോകുന്നത് സംബന്ധിച്ച ഗൂഢാലോചനയിലും അക്രമത്തിനുപയോഗിച്ച വാൾ ഒളിപ്പിക്കുന്നതിലും സാക്ഷിയായി പൊലീസ് കണ്ടെത്തിയ ആളായിരുന്നു അബിൻ.
പ്രതിയായ വിഷ്ണുവിന്‍റെ വീട്ടിൽ വാൾ ഒളിപ്പിക്കുന്നത് കണ്ടുവെന്നായിരുന്നു അബിന്‍റെ മുൻ മൊഴി. രഹസ്യമൊഴിയിൽ പറയുന്ന കാര്യങ്ങൾ പൊലീസ് ഭീഷണിപ്പെടുത്തി പറയിച്ചതാണെന്നും പൊലീസിനെ ഭയന്നാണ് അത്തരത്തിൽ മൊഴി നൽകിയതെന്നും അബിൻ കോടതിയെ ബോധിപ്പിച്ചു. പ്രതിഭാഗത്തിന്‍റെയും പ്രോസിക്യൂഷന്‍റെയും വാദത്തിൽ പരസ്പരവിരുദ്ധമായി മൊഴി നൽകിയതിനെ തുടർന്ന് സാക്ഷി കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു.
കെവിൻ വധക്കേസ് അഞ്ചാം ദിനം വിസ്താരം പൂർത്തിയായപ്പോൾ കേസിലെ ആറാം സാക്ഷിയായ ഹോസ്റ്റല്‍ നടത്തിപ്പുകാരന്‍ ബെന്നി ജോസഫ്, ഗാന്ധിനഗറിലെ തട്ടുകട ജീവനക്കാരൻ ബിജു എബ്രഹാം എന്നിവരുടെ വിസ്താരം പൂർത്തിയായി. കെവിനും മുഖ്യസാക്ഷി അനീഷും ചേര്‍ന്നാണ് വിവാഹശേഷം നീനുവിനെ ഹോസ്റ്റലിൽ എത്തിച്ചത്. ഒരുവർഷം താമസസൗകര്യം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടതായി ബെന്നി മൊഴിനൽകി.
കേസിലെ അഞ്ചാം പ്രതി ചാക്കോയും മൂന്നാം പ്രതിയും ഒഴികെ ബാക്കി 12 പ്രതികളും മെയ് 27 ന് പുലർച്ചെ തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ എത്തിയതായി ബിജു മൊഴി നൽകി. തട്ടുകടയിൽ ഇതിനിടെ പ്രതികളുമായി തർക്കം ഉണ്ടായതായും ഒന്നാം പ്രതി ഷാനു ചാക്കോ ആണ് പണം നൽകിയതെന്നും ബിജു കോടതിയിൽ പറഞ്ഞു.