എറണാകുളം: മനസ്സും ശരീരവും സൃഷ്ടാവിന്‍റെ പ്രീതിക്കായി സമർപ്പിച്ച 30 ദിനങ്ങൾക്ക് ശേഷം ഇസ്ലാം മതവിശ്വാസികൾ ഈദുൽ ഫിത്വർ ആഘോഷിക്കുന്നു. ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന്‍റെ വിജയകരമായ വിളംബരം കൂടിയാണ് പെരുന്നാൾ ആഘോഷം. ശാരീരിക ഇച്ഛകളെ അതിജീവിച്ച് വാക്കിലും നോക്കിലും പ്രലോഭനങ്ങളെ തോൽപ്പിച്ചവർക്ക് സന്തോഷിക്കാനുള്ള വക നൽകുകയാണ് പെരുന്നാൾ ആഘോഷം. ഇന്ന് പള്ളികളിൽ നടക്കുന്ന ഈദ് നമസ്കാരങ്ങളില്‍ വിശ്വാസികൾ പങ്കെടുക്കും.
വ്രതശുദ്ധിയുടെ പുണ്യത്തില്‍ ഇന്ന് ചെറിയ പെരുന്നാൾ - eid ul fitar
ഒരു മാസം നീളുന്ന വ്രതാനുഷ്ടാനം പൂർത്തിയാക്കിയാണ് ഈദുൽഫിത്തർ ആഘോഷിക്കുന്നത്. പള്ളികളിൽ നടക്കുന്ന ഈദ് നമസ്കാരങ്ങളില്‍ വിശ്വാസികൾ പങ്കെടുക്കും.
അറ്റുപോയ വ്യക്തിബന്ധങ്ങൾ വിളക്കി ചേർക്കുകയും, ഉള്ളവ ഊട്ടിയുറപ്പിക്കുക കൂടിയാണ് ഈദ് ആഘോഷം. ഈദിന്‍റെ ഭാഗമായുള്ള നിർബന്ധ ദാനമായ ഫിത്തർ സക്കാത്ത് വിതരണത്തിലൂടെ ആഘോഷ വേളയിൽ എല്ലാവരും സുഭിക്ഷരിയിരിക്കണം എന്ന താൽപര്യവും ചെറിയ പെരുന്നാളിനുണ്ട് . ആവർത്തിക്കപ്പെടുന്നത് എന്നർത്ഥം വരുന്ന ഈദാഘോഷം പകർന്നുനൽകുന്നത് സ്നേഹവും സഹിഷ്ണുതയും ആണെന്ന് എറണാകുളം തോട്ടത്തും പടി ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൽ സലാം സഖാഫി പറഞ്ഞു.
വിശ്വാസിയുടെ ആഘോഷങ്ങൾക്ക് മഹത്തായ ഒരു സംസ്കാരമാണ് ഇസ്ലാം പഠിപ്പിക്കുന്നത്. അനുഷ്ഠാനങ്ങളുടെ ഭാഗമായാണ് ആണ് ഇവിടെ ആഘോഷങ്ങൾ ക്രമീകരിക്കപ്പെട്ടത്. സുഗന്ധം പൊഴിക്കുന്ന മനസും ശരീരവുമായി പള്ളികളിലും വീടുകളിലും ഒത്തുചേർന്ന് വിശ്വാസികൾ പെരുന്നാൾ ആശംസകൾ കൈമാറുന്നു. വിശുദ്ധ റംസാനിൽ നേടിയെടുത്ത ആത്മീയത കാത്തുസൂക്ഷിക്കുന്ന പ്രതീക്ഷയോടെയാണ് ഓരോ വിശ്വാസിയും ഈദ് ആഘോഷത്തിൽ പങ്കാളിയാകുന്നത്.