വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പാർട്ടി എന്ന് കേരള കോൺഗ്രസിനെ വിശേഷിപ്പിച്ചത് സാക്ഷാല്‍ കെഎം മാണിയാണ്. അതുകൊണ്ട് പിളർപ്പെന്നത് കേരള കോൺഗ്രസിന് അപരിചിതമായ വാക്കല്ല, തർക്കങ്ങളും പിണക്കങ്ങളും പാളയത്തിൽ പടയും എല്ലാം നേരില്‍ കണ്ടും നേരിട്ടുമാണ് കേരള കോൺഗ്രസ് കേരളത്തില്‍ പിളരുകയും വളരുകയും ചെയ്യുന്നത്. ചരിത്രം പരിശോധിച്ചാൽ 1964 ഒക്ടോബർ ഒൻപതിന് പാർട്ടി രൂപീകരിച്ചത്തിനു ശേഷം 11-ാം തവണയാണ് കേരള കോൺഗ്രസ്സ് പിളരുന്നത്. കേരള കോൺഗ്രസിനെ സ്വന്തം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിച്ച കെഎം മാണിയുടെ മരണ ശേഷം രണ്ടില പിളരുന്നത് കാലം കാത്തുവെച്ച ഓർമ്മപ്പെടുത്തലാണ്.
1977 ലായിരുന്നു ആദ്യ പിളർപ്പ്, കേരള കോൺഗ്രസ്സ് വിട്ട ആർ. ബാലകൃഷ്ണ പിള്ള കേരളാ കോൺഗ്രസ് ബി രൂപികരിച്ചു. 1979 ൽ പി. ജെ ജോസഫുമായി കെഎം മാണി തെറ്റിപ്പിരിഞ്ഞതോടെ ഇപ്പോഴത്തെ കേരള കോൺഗ്രസ്സ് (എം ) രൂപം കൊണ്ടു.
85 ൽ മാണിയും പിള്ളയും ജോസഫും ലയിച്ചങ്കിലും, 87 ഇത് വീണ്ടും പിളർന്നു. ജോസഫ് എൽഡിഎഫിലേക്ക് കുടിയേറി. 1993 ലായിരുന്നു പാർട്ടിയുടെ നാലാം പിളർപ്പ് മാണിയുമായി പിരിഞ്ഞ ടി എം ജേക്കബ് കേരളാകോൺഗ്രസ് ജേക്കബ് എന്ന പാർട്ടിയുണ്ടാക്കി.