കോട്ടയം: കേരളാ കോൺഗ്രസിൽ ചെയർമാൻ പദവിക്കായി പി ജെ ജോസഫ്, ജോസ് കെ മാണി വിഭാഗങ്ങൾ തമ്മിൽ തുറന്ന പോരിലേക്ക്. പാര്‍ട്ടി സംസ്ഥാന സമിതി ചേരണമെന്ന ആവശ്യത്തില്‍ തെറ്റില്ലെന്നും അതിന് മുമ്പ് മറ്റു ചില സമിതികള്‍ ചേരുമെന്നും പാര്‍ട്ടി താല്‍ക്കാലിക ചെയര്‍മാന്‍ പി ജെ ജോസഫ് പറഞ്ഞു. സംസ്ഥാന സമിതിക്ക് മുമ്പ് പാര്‍ലമെന്‍ററി പാര്‍ട്ടിയോഗവും സ്റ്റിയറിങ് കമ്മിറ്റി യോഗവും വിളിക്കണമെന്നാണ് കോട്ടയത്ത് നടന്ന കെഎം മാണി അനുസ്മരണത്തിന് ശേഷം ജോസഫ് വ്യക്തമാക്കിയിരുന്നു. ചെയർമാനെ തീരുമാനിക്കുന്നതിനായി സംസ്ഥാന കമ്മിറ്റി കൂടണമെന്നതായിരുന്നു ജോസ് കെ മാണിയുടെ ആവശ്യം. സംസ്ഥാന കമ്മിറ്റി വിളിക്കണമെങ്കില്‍ സാഹചര്യം വ്യക്തമാക്കണമെന്ന് ജോസഫ് ആവശ്യപ്പെട്ടിരുന്നു. താന്‍ ചെയര്‍മാനും ജോസ് കെ മാണി വർക്കിംഗ് ചെയർമാനുമെന്ന ഫോര്‍മുലയും ജോസഫ് മുന്നോട്ടുവച്ചിരുന്നു.
കേരള കോണ്‍ഗ്രസ് തര്‍ക്കം തുറന്ന പോരിലേക്ക്; വിട്ടുവീഴ്ചയില്ലെന്ന് മാണി വിഭാഗം - pj joseph
പാർട്ടി ചെയർമാൻ സ്ഥാനവും പാർലമെന്‍ററി നേതൃ സ്ഥാനവും മറ്റാർക്കും വിട്ടു നൽകേണ്ടതില്ലെന്ന തീരുമാനത്തിൽ ജോസഫ് വിഭാഗം.
പാർട്ടി ഡെപ്യൂട്ടി ചെയർമാൻ സിഎഫ് തോമസിനെ പാർലമെന്‍ററി പാർട്ടി നേതാവാക്കണമെന്ന നിലപാടാണ് ജോസഫിന്‍റേത്. ഈ നിലപാടിൽ കേരള കോൺഗ്രസിൽ വ്യക്തമായ ഭൂരിപക്ഷമുള്ള മാണി വിഭാഗത്തിന് കടുത്ത എതിർപ്പാണുളളത്. ഇരുസ്ഥാനങ്ങളും വിട്ടുകൊടുക്കേണ്ടതില്ലെന്നാണ് മാണി പക്ഷത്തിന്‍റെ നിലപാട്. കോട്ടയത്ത് നടന്ന കെഎം മാണി അനുസ്മരണത്തിന് ശേഷം ചേർന്ന യോഗത്തിൽ പാർട്ടി ചെയർമാൻ സ്ഥാനവും പാർലമെന്‍ററി നേതാവിനുള്ള സ്ഥാനവും മറ്റാർക്കും വിട്ടു നൽകേണ്ടതില്ലെന്ന തീരുമാനത്തിൽ ജോസഫ് വിഭാഗം എത്തിയെന്നാണ് സൂചനകൾ. സംസ്ഥാന കമ്മിറ്റി വിളിക്കുന്ന വിഷയത്തില്‍ തീരുമാനം പിജെ ജോസഫ് നീട്ടിക്കൊണ്ടു പോയാൽ വരും ദിവസങ്ങളിൽ നേതാക്കൾ തമ്മിലുള്ള ഏറ്റുമുട്ടൽ കനത്തേക്കും.