കാസര്‍കോട്:അപേക്ഷനല്‍കിയിട്ടും കാസർകോട് ബേക്കൽ പൊലീസ് സ്റ്റേഷനിലെ 33 പൊലീസുകാർക്ക് തപാൽ ബാലറ്റ് പേപ്പർ കിട്ടിയില്ലെന്ന് ആരോപണം. പൊലീസ് ഉദ്യോഗസ്ഥർ ഇത് സംബന്ധിച്ച് ജില്ലാ വരണാധികാരിയായ കലക്ടര്‍ക്ക് പരാതി അയച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് ഇവർ പറയുന്നു. ബേഡകം, മഞ്ചേശ്വരം സ്റ്റേഷനുകളിലെ രണ്ട് എഎസ്ഐമാര്‍ക്കും തപാൽ ബാലറ്റ് കിട്ടിയില്ലെന്നും പരാതികളുണ്ട്.
വീണ്ടും പോസ്റ്റല്‍ വോട്ട് വിവാദം; കാസര്‍കോട് പൊലീസുകാര്‍ക്ക് വോട്ട് ചെയ്യാനായില്ല
33 പൊലീസുകാരാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇതില്‍ 25 പേര്‍ യുഡിഎഫ് അനുഭാവികളും എട്ടു പേര്‍ എല്‍ഡിഎഫ് അനുഭാവികളുമാണ്
എസ്ഐ, എഎസ്ഐ, സീനിയർ സിവിൽ പൊലീസ് ഓഫിസർ, വനിത സിവിൽ പൊലീസ് ഓഫീസർ തുടങ്ങി 44 അപേക്ഷകളാണ് ബേക്കല്‍ സ്റ്റേഷനില്‍ നിന്ന് പോസ്റ്റല്‍ ബാലറ്റിനായി അയച്ചിരുന്നത്. പാലക്കുന്നിലെ കോട്ടിക്കുളം തപാൽ ഓഫിസ് മുഖേനയാണ് അതത് ഉപ വരണാധികാരികൾക്ക് അപേക്ഷ സമര്‍പ്പിച്ചത്. സിഐയുടെ കൗണ്ടർ സൈൻ സഹിതം സ്റ്റേഷൻ റൈറ്റർ മറ്റൊരു സിവിൽ പൊലീസ് ഓഫീസർ വശമാണ് അപേക്ഷകള്‍ തപാൽ ഓഫീസിൽ എത്തിച്ചത്. ഇതിൽ 11 അപേക്ഷകർക്ക് മാത്രമാണ് ബാലറ്റ് പേപ്പർ കിട്ടിയത്. കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ നിയമസഭ മണ്ഡലങ്ങളിലെ വോട്ടർമാരായ പൊലീസ് ഉദ്യോഗസ്ഥർക്കാണ് ബാലറ്റ് പേപ്പർ കിട്ടാതിരുന്നത്. അതെ സമയം, സിഐ ഉൾപ്പെടെ കൂത്തുപറമ്പ്, പയ്യന്നൂർ, കല്യാശേരി, ആലപ്പുഴ, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലെ ഉദ്യോഗസ്ഥർക്ക് തപാൽ ബാലറ്റ് ലഭിക്കുകയും ചെയ്തു.
പരാതിയുമായി അസി.റിട്ടേണിങ് ഓഫിസർമാരെ സമീപിച്ചെങ്കിലും അപേക്ഷിച്ചവർക്ക് മുഴുവൻ ബാലറ്റ് പേപ്പർ അയച്ചിട്ടുണ്ടെന്ന് മറുപടി നൽകി. പോസ്റ്റല്‍ ബാലറ്റ് ലഭിച്ചില്ലെന്ന പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് ജില്ലാ കലക്ടര്‍ ഡി.സജിത് ബാബുവും പറയുന്നു. 33 അപേക്ഷകരിൽ 25 പോസ്റ്റൽ വോട്ടുകൾ യുഡിഎഫ് അനുഭാവികളുടേതും എട്ടണ്ണം ഇടതുപക്ഷ അനുഭാവികളുടേതുമാണ്.