കേരളം

kerala

ETV Bharat / briefs

വിവാദ ഫോട്ടോ; വിശദീകരണവുമായി കണ്ണന്താനം - kannathanam

ചിത്രം സെല്‍ഫിയല്ലെന്ന് വിശദമായി നോക്കിയാല്‍ മനസിലാകുമെന്നും സെല്‍ഫി എടുക്കാറില്ലെന്നും കണ്ണന്താനം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

അല്‍ഫോണ്‍സ് കണ്ണന്താനം

By

Published : Feb 17, 2019, 5:06 PM IST

കശ്മീരില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ്. ജവാന്‍ വസന്തകുമാറിന്‍റെ മൃതദേഹത്തിനരികെ നിന്നുള്ള ഫോട്ടോ പ്രസിദ്ധീകരിച്ചതില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്ത്. ചിത്രം സെല്‍ഫിയാണെന്നുള്ള വാദം തെറ്റാണെന്നും ജവാന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു പോയപ്പോൾ ആരോ എടുത്ത ചിത്രമാണെന്നും കണ്ണന്താനം ഫേസ്ബുക്കിൽ വ്യക്തമാക്കി.

ആരോ എടുത്ത് തന്‍റെ സോഷ്യല്‍മീഡിയ കൈകാര്യം ചെയ്യുന്ന ഓഫീസിലേക്ക് അയച്ചുകൊടുത്തതാണ് ആ ചിത്രം. അത് സെല്‍ഫിയല്ലെന്ന് വിശദമായി നോക്കിയാല്‍ മനസിലാകും. മാത്രവുമല്ല ഞാന്‍ സെല്‍ഫി എടുക്കാറില്ല, ഇതുവരെ സെല്‍ഫി എടുത്തിട്ടുമില്ല. വീര മൃത്യു വരിച്ച ജവാന്‍റെ വസതിയില്‍ നടന്ന അന്ത്യകര്‍മ്മങ്ങളുടെ ലൈവ് ചില മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നു. അതിലും കാര്യങ്ങള്‍ വ്യക്തമാണ്- അദ്ദേഹം വിശദീകരിച്ചു.

''എന്‍റെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യുന്നവരോട് എനിക്ക് പറയാനുള്ളത് കഴിഞ്ഞ 40 വര്‍ഷം ഞാന്‍ പൊതുരംഗത്ത് വിവിധ ചുമതലകള്‍ വഹിച്ചുകൊണ്ട് നിസ്വാര്‍ത്ഥമായി രാജ്യപുരോഗതി മാത്രം മുന്നില്‍ കണ്ടുകൊണ്ടു ജനസേവനം നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ്. അതിനു കളക്ടര്‍ പദവിയോ മന്ത്രി കസേരയോ വേണമെന്ന് ഞാന്‍ നിഷ്‌കര്‍ഷിച്ചിട്ടില്ല. എന്‍റെ പിതാവും ഒരു സൈനികനായിരുന്നു. അതുകൊണ്ടു തന്നെ ഇന്ത്യന്‍ സൈനികരുടെ ത്യാഗവും മഹത്വവും എന്താണെന്നു എനിക്ക് ചെറുപ്പം മുതലേ മനസിലാക്കാനും ഉള്‍ക്കൊള്ളാനും സാധിച്ചിട്ടുണ്ട്. ആവശ്യമില്ലാത്ത വിവാദങ്ങളുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താതെ രാഷ്ട്രപുരോഗതിക്കു വേണ്ടി നിസ്വാര്‍ത്ഥമായി പ്രയത്‌നിക്കുകയാണ് യുവതലമുറ ഉള്‍പ്പടെയുള്ളവര്‍ ചെയ്യേണ്ടത്.''- കണ്ണന്താനം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ധീരജവാന്‍ വസന്തകുമാറിന്‍റെ അന്ത്യകര്‍മ്മത്തിന് ശേഷം കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വിവാദചിത്രം ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ കണ്ണന്താനം മൃതദേഹത്തിനരികെ നിന്ന് ഫോട്ടോയെടുത്തതെന്ന് ആക്ഷേപിച്ച് അദ്ദേഹത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനമുണ്ടായി. പ്രതിഷേധ കമന്‍റുകൾ പോസ്റ്റിന് താഴെ നിറഞ്ഞതോടെ വിവാദചിത്രവും പോസ്റ്റും പിന്നീട് പിന്‍വലിച്ചിരുന്നു.

ABOUT THE AUTHOR

...view details