തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് താക്കീത് നൽകി തെരഞ്ഞടുപ്പ് കമ്മീഷൻ. പ്രസ്താവനകൾ നടത്തുമ്പോൾ മന്ത്രി ജാഗ്രത പുലര്‍ത്തണമെന്ന് കാണിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കടകംപള്ളിക്ക് കത്തയച്ചു.
'ദൈവം ചോദിക്കും'; കടകംപള്ളിക്ക് തെരഞ്ഞടുപ്പ് കമ്മീഷന്‍റെ താക്കീത് - മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
ക്ഷേമപെൻഷനുകൾ വാങ്ങുന്നവർ വോട്ടു ചെയ്തില്ലെങ്കിൽ ദൈവം ചോദിക്കും; ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രസ്താവനകൾ നടത്തുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ കത്ത് നൽകി.
ക്ഷേമ പെന്‍ഷനുകള്‍ കൃത്യമായി വീട്ടിലെത്തിക്കുന്ന പിണറായി വിജയന് വോട്ട് ചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞിരുന്നു. കണ്ണൂരില്‍ പി ജയരാജന്‍റെ തെരഞ്ഞടുപ്പ് റാലിയില്‍ പങ്കെടുക്കവെയാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. ചീഫ് സെക്രട്ടറി മുഖേനെയാണ് മീണ കടകംപള്ളിക്ക് കത്ത് നൽകിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും കത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്. ദൈവത്തിന്‍റെ പേരിൽ ഭയപ്പെടുത്തുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നും ദൈവനാമത്തിൽ നീതിയുക്തമല്ലാത്ത സ്വാധീനം ചെലുത്തുന്നത് ജനപ്രാതിനിധ്യനിയമം സെക്ഷൻ 123 അനുസരിച്ച് കുറ്റകരമാണെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
'600 രൂപ 1200 രൂപയാക്കി പെന്‍ഷന്‍ വീട്ടില്‍ കൃത്യമായി എത്തിക്കുന്ന പിണറായി വിജയന് വോട്ട് കൊടുക്കാന്‍ നിങ്ങള് പറയണം. ഇല്ലെങ്കില്‍ ദൈവം ചോദിക്കുമെന്ന് അവരോട് പറഞ്ഞാല്‍ മതി. ഈ പൈസ വാങ്ങിയിട്ട് വോട്ട് ചെയ്തില്ലെങ്കില്‍ ഇതെല്ലാം കണ്ടുകൊണ്ട് ഒരാള്‍ മുകളിലിരിപ്പുണ്ട്. നിശ്ചയമായിട്ടും ചോദിച്ചിരിക്കുമെന്ന് പറയാന്‍ നമുക്ക് സാധിക്കണം. നമ്മളിത് പറഞ്ഞില്ലെങ്കില്‍ ബിജെപിക്കാരും കോണ്‍ഗ്രസുകാരും പോയി വേറെ എന്തെങ്കിലും പറഞ്ഞ് ഈ പാവപ്പെട്ടവരെ പറ്റിക്കും.' കടകംപള്ളി പറഞ്ഞു. പ്രസംഗത്തിനെതിരെ മറ്റുപാര്‍ട്ടികള്‍ തെരഞ്ഞടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.