മിലാന്‍: ഇറ്റാലിയന്‍ സീരി എയില്‍ നിലവിലെ ചാമ്പ്യന്‍മാരായ യുവന്‍റസ് കുതിപ്പ് തുടരുന്നു. ടോറിനൊക്കെതിരായ മത്സരത്തില്‍ യുവന്‍റസ് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് വിജയിച്ചു. ക്ലബ് ജേഴ്സിയില്‍ 648 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി റെക്കോഡിട്ട ഗോള്‍ കീപ്പര്‍ ജിയാന്‍ലൂയിജി ബഫണിനൊപ്പം മിന്നുന്ന പ്രകടനമാണ് താരങ്ങള്‍ കാഴ്ചവെച്ചത്. എസി മിലാന്‍റെ ഇതിഹാസ താരം പൗലോ മാല്‍ദിനിയുടെ 647 മത്സരങ്ങളെന്ന റെക്കോഡാണ് ബുഫണ്‍ മറികടന്നത്.
ടോറിനോക്കെതിരെ തകര്‍പ്പന്‍ ജയവുമായി യുവന്‍റസ് - യുവന്‍റസ് വാര്‍ത്ത
ഇറ്റാലിയന്‍ സീരി എയില്‍ യുവന്‍റസ് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ടോറിനോയെ പരാജയപ്പെടുത്തി. സീരി എയിലെ ഒരു സീസണില്‍ യുവന്‍റസിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ സ്വന്തമാക്കുന്ന താരമെന്ന റെക്കോഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കി.
മത്സരം തുടങ്ങി മൂന്നാം മിനിട്ടില്‍ അര്‍ജന്‍റീനന്‍ മുന്നേറ്റ താരം പൗലോ ഡിബാലയിലൂടെ യുവന്‍റസ് ആദ്യ ഗോള്‍ സ്വന്തമാക്കി. പിന്നാലെ 29-ാം മിനിട്ടില്‍ ടോറിനോയ്‌ക്കു മേല്‍ ജുവന്‍ കുഡ്രാഡോ അടുത്ത പ്രഹരമേല്‍പ്പിച്ചു. ക്രിസ്റ്റ്യാനോയുടെ അസിസ്റ്റ് കുഡ്രാഡോ ഗോളാക്കി മാറ്റുകയായിരുന്നു. രണ്ടാം പകുതിയിലെ 61-ാം മിനിട്ടിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോള്‍. ഇതോടെ സീരി എയിലെ ഈ സീസണില്‍ യുവന്‍റസിന് വേണ്ടി റൊണാള്‍ഡോ നേടുന്ന ഗോളുകളുടെ എണ്ണം 25 ആയി ഉയര്‍ന്നു. 59 വര്‍ഷത്തെ യുവന്‍റസിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം സീസണില്‍ 25 ഗോളുകള്‍ സ്വന്തമാക്കുന്നത്. നിശ്ചിത സമയത്ത് മത്സരം അവസാനിക്കാന്‍ മൂന്ന് മിനിട്ട് മാത്രം ശേഷിക്കെ കോഫി ഡിജിജിയുടെ ഓണ്‍ ഗോളിലൂടെ യുവന്‍റസ് ലീഡ് നാലാക്കി ഉയര്‍ത്തി. ആദ്യ പകുതിയുടെ അധികസമയത്ത് മുന്നേറ്റ താരം ആന്‍ഡ്രിഡ ബെലോട്ടിയാണ് പെനാല്‍ട്ടിയിലൂടെ ടോറിനോയുടെ ആശ്വാസ ഗോള്‍ നേടിയത്.
ജയത്തോടെ നിലവിലെ ചാമ്പ്യന്‍മാരായ യുവന്‍റസ് പോയിന്‍റ് പട്ടികയിലെ ലീഡ് ഏഴാക്കി ഉയര്‍ത്തി. 30 മത്സരങ്ങളില്‍ നിന്നും 75 പോയിന്‍റുമായി യുവന്‍റസാണ് ഒന്നാമത്. രണ്ടാം സ്ഥനത്തുള്ള ലാസിയോക്ക് 30 മത്സരങ്ങളില്‍ നിന്നും 68 പോയിന്‍റാണ് ഉള്ളത്. ലീഗില്‍ ജൂലായ് എട്ടിന് നടക്കുന്ന അടുത്ത മത്സരത്തില്‍ മിലാനാണ് യുവന്‍റസിന്‍റെ എതിരാളികള്‍. എട്ട് മത്സരങ്ങളാണ് ലീഗില്‍ യുവന്‍റസിന് ഇനി ശേഷിക്കുന്നത്.