കോയമ്പത്തൂര്‍: ഐഎസ് ബന്ധം ആരോപിച്ച് കഴിഞ്ഞ ദിവസം അറസ്റ്റിലായ മൂന്ന് കോയമ്പത്തൂര്‍ സ്വദേശികള്‍ ആരാധനാലയങ്ങളിലും പൊതുസ്ഥലങ്ങളിലും ചാവേറാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി തമിഴ്നാട് പൊലീസ്. ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതില്‍ ഇവര്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചെന്നും പൊലീസ് എഫ്ഐആറില്‍ വ്യക്തമാക്കി. പിടിയിലായ ഷാജഹാന്‍, ഷെയ്ക്ക് സഫിയുള്ള, മുഹമ്മദ് ഹുസൈന്‍ എന്നിവരുടെ വീടുകളില്‍ നിന്ന് പിടിച്ചെടുത്ത രേഖകളുടേയും ഇവരെ ചോദ്യം ചെയ്തതിന്‍റേയും അടിസ്ഥാനത്തിലാണ് ഐഎസ് ബന്ധം കൂടുതല്‍ വ്യക്തമായത്.
കോയമ്പത്തൂരില്‍ പിടിയിലായവര്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടെന്ന് പൊലീസ്
കോയമ്പത്തൂരിലെ പള്ളികളിലും ക്ഷേത്രങ്ങളിലും പൊതുസ്ഥലങ്ങളിലും ചാവേറാക്രമണം നടത്താന്‍ പിടിയിലായവര്‍ പദ്ധതിയിട്ടതിന്‍റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു.
മുഹമ്മദ് ഹുസൈന്‍ യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണെന്നും പൊലീസ് കണ്ടെത്തി. ഐഎസ് അനുഭാവം പ്രകടിപ്പിക്കുന്ന ഫേസ്ബുക്ക് പേജിന്‍റെ അഡ്മിനുകളില്‍ ഒരാളാണ് ഹുസൈനെന്നും വ്യക്തമായി. പിടിയിലായ മൂന്നുപേരും ചാവേറാകാന്‍ തയ്യാറെടുത്തിരുന്നു. ശ്രീലങ്കന്‍ സ്ഫോടന പരമ്പരയുടെ ആസൂത്രകന്‍ സഹ്രാന്‍ ഹാഷിമുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇവരുടെ പക്കല്‍ നിന്ന് അറബിയില്‍ നിന്ന് തമിഴിലേക്ക് വിവര്‍ത്തനം ചെയ്ത നിരവധി പ്രസംഗങ്ങളുടെ ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്തി. ഇതിനിടെ ഐഎസ് ബന്ധം സംശയിച്ച് മധുര സ്വദേശിയെ, എന്‍ഐഎ കസ്റ്റഡിയിലെടുത്തു.
എന്‍ഐഎ കസ്റ്റഡിയിലുള്ള സാദഖ്ദുള്ളയെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്. ഇയാളുടെ പക്കല്‍ നിന്ന് ലാപടോപ്പും സിം കാര്‍ഡുകളും ഉള്‍പ്പെടെ പിടിച്ചെടുത്തിരുന്നു.