കേരളത്തിൽ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതികളുമായി ഭീകരർ സജ്ജരാണെന്നും കേരളത്തിൽ സ്ഫോടനം നടത്താൻ ചാവേറുകൾ കൂടുതൽ താത്പര്യം പ്രകടിപ്പിക്കുന്നതായും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) യുടെ റിപ്പോർട്ട്.
കാസർകോട് നിന്ന് സിറിയയിലേക്ക് കടന്ന മലയാളിയുടെ നേതൃത്വത്തിൽ കൂടുതൽ മലയാളികളെ ഭീകരസംഘടനയായ ഐഎസിൽ ചേർക്കാൻ ശ്രമങ്ങൾ നടക്കുന്നതായും എൻഐഎ റിപ്പോർട്ടിൽ പറയുന്നു. ആളുകൾ കൂടുന്ന തൃശ്ശൂർ പൂരം അടക്കമുള്ള പരിപാടികളും കൊച്ചി അടക്കമുള്ള സ്ഥലങ്ങളുമാണ് ഭീകരരുടെ പട്ടികയിൽ ആദ്യസ്ഥാനങ്ങളിലുള്ളതെന്നും റിപ്പോർട്ട്.
ശ്രീലങ്കൻ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ എൻഐഎ അറസ്റ്റുചെയ്ത പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന് ഐഎസിനുവേണ്ടി ചാവേറാകാൻ താത്പര്യമുണ്ടായിരുന്നെന്ന് എൻഐഎ ഇന്നലെ കോടതിയിൽ പറഞ്ഞിരുന്നു. കേരളത്തിൽ ഐഎസ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ റിയാസും സഹായികളും ശ്രമിച്ചിരുന്നു. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ചാവേറാക്രമണത്തിന് പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും സംഘത്തിലെ ചിലരുടെ നിസ്സഹകരണം മൂലം പദ്ധതി നടന്നില്ലെന്നും എൻഐഎ വ്യക്തമാക്കുന്നു.
ശ്രീലങ്കൻ സ്ഫോടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം സൗദി അറേബ്യയിൽ അറസ്റ്റിലായ രണ്ടുപേർക്ക് കേരളവുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന കണ്ടെത്തലും ഗൗരവത്തോടെയാണ് എൻഐഎ കാണുന്നത്. ശ്രീലങ്കൻ സ്‌ഫോടനത്തിന്‍റെ സൂത്രധാരനെന്ന് കരുതുന്ന സഹ്രാൻ ഹാഷിമിന്‍റെ ബന്ധു മൗലാനാ റിള, സുഹൃത്ത് ഷഹ്‌നാഹ് നാവിജ് എന്നിവരാണ് കഴിഞ്ഞദിവസം സൗദി പൊലീസിന്‍റെ പിടിയിലായത്. ഇവർക്ക് കാസർകോട് അടക്കമുള്ള സ്ഥലങ്ങളിലെ ഐഎസ് റിക്രൂട്ട്‌മെന്‍റില്‍ പ്രധാന പങ്കുണ്ടെന്നാണ് എൻഐഎ കരുതുന്നത്.
ഐഎസ് റിക്രൂട്ട്‌മെന്‍റ് കേസിലെ മുഖ്യപ്രതിയായ റാഷിദ് അബ്ദുല്ലയുടെ നേതൃത്വത്തിലാണ് കേരളത്തിൽ സ്‌ഫോടന പരമ്പരകൾക്കുള്ള ആഹ്വാനം നടക്കുന്നതെന്നാണ് സൂചന. റാഷിദ് അബ്ദുല്ലയുടെ ശബ്ദസന്ദേശമാണ് റിയാസ് അടക്കമുള്ളവരെ ഭീകരവാദത്തിലേക്ക് കൂടുതൽ അടുപ്പിച്ചതെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. കാസർകോട് നിന്ന് സിറിയയിലേക്ക് കടന്ന ഫിറോസ് ഖാന്‍റെ നേതൃത്വത്തിലാണ് ഇപ്പോൾ ഐഎസ് റിക്രൂട്ട്‌മെന്‍റ് ശ്രമങ്ങൾ തുടരുന്നതെന്നാണ് എൻഐഎ പറയുന്നത്. സിറിയയിൽ നിന്ന് വരുന്ന ഫിറോസിന്‍റെ സന്ദേശങ്ങളെല്ലാം ഐഎസിൽ ചേരാൻ ആഹ്വാനം ചെയ്യുന്നവയാണ്. ഫിറോസിനെ പിടികൂടാനായാൽ കേസിൽ നിർണായകമായ പല വിവരങ്ങളും ശേഖരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എൻഐഎ.