കറാച്ചി: ടി-20 ലോകകപ്പ് മാറ്റിവെച്ച് അതേ ജാലകത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടത്തുന്നത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുമെന്ന് മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകന്‍ ഇന്‍സമാം ഉള്‍ ഹഖ്. കൊവിഡ് 19 പശ്ചാത്തലത്തില്‍ 2020ലെ ടി-20 ലോകകപ്പ് മാറ്റിവെക്കുന്നത് ഐസിസിയുടെ പരിഗണയിലിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്‍സമാമിന്‍റെ പരാമര്‍ശം. 14 ടീമുകളെ ഉള്‍പ്പെടുത്തി ഐപിഎല്‍ നടത്താം. എങ്കില്‍ ഐസിസിക്ക് ഓസ്ട്രേലിയയില്‍ ലോകകപ്പ് നടത്താന്‍ എന്തുകൊണ്ട് സാധിക്കുന്നില്ലെന്ന് ചോദ്യമുയര്‍ന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റിനേക്കാള്‍ ഐപിഎല്‍ പോലുള്ള ലീഗ് മത്സരങ്ങള്‍ക്ക് ഐസിസി മുന്‍ഗണന നല്‍കുന്നുവെന്ന തോന്നലുണ്ടാകും. ഇതുവഴി യുവതാരങ്ങള്‍ ലീഗ് മത്സരങ്ങള്‍ക്ക് പിന്നാലെ പോകാന്‍ ഇടയുണ്ടെന്നും ഇൻസമാം പറഞ്ഞു.
അതേസമയം കൊവിഡ് 19 പ്രതിരോധ മാര്‍ഗങ്ങള്‍ അവലംബിച്ച് 18 ടീമുകളെ പങ്കെടുപ്പിച്ച് ലോകകപ്പ് അനായാസം നടത്താനാകില്ലെന്നും ഇന്‍സമാം പറഞ്ഞു. നിലവില്‍ ഇംഗ്ലണ്ട് പര്യടനത്തിലുള്ള പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം അവിടെ ഹോട്ടലില്‍ കഴിയുകയാണ്. ടീം അംഗങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം ഹോട്ടലില്‍ എത്തിച്ച് നല്‍കുകയാണ്. സമാന രീതിയില്‍ 18 ടീമുകളുടെ ആവശ്യങ്ങള്‍ പരിഗണിക്കുക പ്രയാസം നിറഞ്ഞ ജോലിയാണെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ കാരണങ്ങളാല്‍ ഏഷ്യാകപ്പിനായി നിഷ്പക്ഷ വേദി കണ്ടെത്താനാണ് പിസിബി ശ്രമിക്കുന്നതെന്നും ഇന്‍സമാം ഉള്‍ ഹഖ് പറഞ്ഞു.