ന്യൂഡല്‍ഹി: ലോകകപ്പിനായി ഇന്ത്യ സർവ്വ സന്നാഹങ്ങളുമായാണ് ഇംഗ്ലണ്ടിലേക്ക് പറക്കുന്നതെന്ന് പരിശീലകൻ രവി ശാസ്ത്രി. മുൻ ലോകകപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണത്തെ ഇന്ത്യൻ ടീം കൂടുതല്‍ സന്തുലിതമാണ്. യുവതാരങ്ങൾക്കും മുതിർന്ന താരങ്ങൾക്കും ഒരുപോലെ പ്രാധാന്യം നല്‍കിയുള്ള ടീമിനെയാണ് ഇന്ത്യ തെരഞ്ഞെടുത്തിരിക്കുന്നത്.
ടീം ഇന്ത്യ ലോകകപ്പിന് തയ്യാർ: രവി ശാസ്ത്രി
ഏറ്റവും മികച്ച 15 താരങ്ങളുമായാണ് ഇന്ത്യ ലോകകപ്പിനെത്തുന്നതെന്ന് രവി ശാസ്ത്രി
1983ലും 2011ലും ലോകകപ്പ് ഉയർത്തിയ ഇന്ത്യ തങ്ങളുടെ മൂന്നാം കിരീടമാണ് ലക്ഷ്യമിടുന്നത്. ഏറ്റവും മികച്ച 15 താരങ്ങളുമായാണ് ഇന്ത്യ ലോകകപ്പിനെത്തുന്നത്. ഏതെങ്കിലും ഒരു പേസ് ബൗളർക്ക് പരിക്കേറ്റാല്‍ പകരമൊരാൾ തയ്യാറാണെന്നും ശാസ്ത്രി വ്യക്തമാക്കി. നായകൻ വിരാട് കോലിയും മുൻ നായകൻ എം എസ് ധോണിയും തമ്മിലുള്ള മികച്ച ബന്ധം ലോകകപ്പില്‍ ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് ശാസ്ത്രി ചൂണ്ടിക്കാട്ടി. ഇരുവരും പരസ്പരം നല്‍കുന്ന ബഹുമാനം വളരെ വലുതാണെന്നും പരസ്പരം നല്ലത് മാത്രം ചെയ്യാനാണ് ഇരുവരുടെയും ശ്രമമെന്നും ശാസ്ത്രി പറഞ്ഞു. ഇന്ത്യയുടേത് മികച്ച ടീമാണ്. ആവശ്യമെങ്കില്‍ ഏത് സ്ഥാനത്തും ആരെയും ഇറക്കാനുള്ള ശേഷി ഇന്ത്യൻ ടീമിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.