കേരള തീരത്ത് തിരമാല ഉയരാന്‍ സാധ്യത;ജാഗ്രത നിര്‍ദേശം
പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 35 മുതൽ 50 കിലോമീറ്റർ വേഗതയിൽ കേരള തീരത്തേക്ക് കാറ്റ് വീശാൻ സാധ്യതയുള്ളതിനാല്‍ മൽസ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് വിലക്കുണ്ട്.
തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാലക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ജൂണ്‍ പതിനാലിന് രാത്രി 11.30 വരെ കാസര്‍കോട് മുതൽ വിഴിഞ്ഞം വരെയുള്ള കേരള തീരത്ത് മൂന്ന് മുതൽ 3.9 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം (INCOIS) അറിയിച്ചു. കേരള തീരത്തോട് ചേർന്ന് കിടക്കുന്ന സമുദ്ര പ്രദേശത്തും ഉയർന്ന തിരമാലക്ക് സാധ്യതയുണ്ട്. വേലിയേറ്റ സമയമായ രാവിലെ ഏഴ് മുതൽ 10 വരെയും വൈകിട്ട് ഏഴ് മുതൽ എട്ട് വരെയും താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പുയരാനും കടൽക്ഷോഭമുണ്ടാകാനും സാധ്യതയുണ്ട്. തീരദേശവാസികൾക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.