തലശേരി: വാര്‍ധക്യ പെന്‍ഷന്‍ ഉൾപ്പെടെയുള്ള ക്ഷേമ പെന്‍ഷനുകൾ ഉപഭോക്താക്കൾക്ക് നല്‍കാതെ തിരിമറി നടത്തിയ സിപിഎം നേതാവിനെതിരെ തലശേരി പൊലീസ് കേസെടുത്തു. സിപിഎം തലശേരി ലോക്കല്‍ കമ്മിറ്റിയംഗവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗവുമായ ലോട്ടസ് ചിറക്കര ആലക്കാടന്‍ വീട്ടില്‍ കെ കെ ബിജുവിനെതിരെയാണ് കേസ്. തലശേരി സഹകരണ റൂറല്‍ ബാങ്ക് ജനറല്‍ മാനേജറുടെ പരാതി പ്രകാരമാണ് കേസെടുത്തത്.
പെന്‍ഷന്‍ തിരിമറി: സിപിഎം നേതാവിനെതിരെ കേസെടുത്തു - തലശ്ശേരി സഹകരണ റൂറല്‍ ബാങ്ക്
സിപിഎം തലശേരി ലോക്കല്‍ കമ്മിറ്റിയംഗവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗവുമായ കെ കെ ബിജുവിനെതിരെയാണ് കേസ്.
ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യാനായി ആറ് ലക്ഷം രൂപ സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്‍റ് കൂടിയായ ബിജുവിനെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ വിതരണത്തില്‍ തിരിമറി നടത്തിയ ബിജു ബാങ്കിനെയും ഗുണഭോക്താക്കളെയും വഞ്ചിക്കുകയായിരുന്നു. കാലാവധിക്ക് ശേഷവും ക്ഷേമ പെന്‍ഷന്‍ ലഭിക്കാതെ വന്നതോടെ ഉപഭോക്താക്കളിലൊരാൾ ബാങ്കില്‍ നേരിട്ടെത്തി പരാതി പറഞ്ഞപ്പോഴാണ് സംഭവം പുറത്ത് അറിയുന്നത്. ഇയാളുടെ പേരില്‍ കള്ള ഒപ്പിട്ട് പ്രതി തുക മുഴുവന്‍ കൈപ്പറ്റുകയായിരുന്നു. തിരിമറിയുമായി ബന്ധപ്പെട്ട് നിരവധി വ്യാജ രേഖകള്‍ ബിജു നിര്‍മ്മിച്ചതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ബാങ്ക് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയത്.
ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കാത വ്യാജ ഒപ്പിട്ട് കൈക്കലാക്കുന്നതിനെതിരെ പാര്‍ട്ടി നേതൃത്വത്തിനും പരാതി ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഏരിയാ കമ്മിറ്റിയംഗങ്ങളായ വാഴയില്‍ വാസു, കെ പി പ്രഹീദ് എന്നിവരെ അന്വേഷണ കമ്മീഷനായി ഏരിയാ കമ്മിറ്റി നിയോഗിക്കുകയും അന്വേഷണം നടത്തുകയും ചെയ്‌തു. ഈ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ബിജുവിനെതിരെ പരാതി നല്‍കിയത്. ഗുരുതര ആരോപണങ്ങൾ വന്നതോടെ ബിജുവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്നും സൂചനകളുണ്ട്. സിപിഎം പള്ളിത്താഴെ ബ്രാഞ്ച് സെക്രട്ടറിയായ നവാസിനെയാണ് പെന്‍ഷന്‍ വിതരണം ചെയ്യാന്‍ ഏര്‍പ്പാടാക്കിയതെന്നും ഇയാളാണ് പെന്‍ഷന്‍ തുക തട്ടിയെടുത്തതെന്നുമായിരുന്നു അന്വേഷണ കമ്മീഷന് മുമ്പാകെ ബിജു മൊഴി നല്‍കിയത്.