ആലപ്പുഴ: നൂറനാട് ഐടിബിപി ക്യാമ്പില്‍ കൊവിഡ് വ്യാപനം ഉണ്ടായതിനെ തുടര്‍ന്ന് ജില്ലാഭരണകൂടം പ്രത്യേക സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ പുറത്തിറക്കി. ജില്ലയിലെ കൊവിഡ് വ്യാപന നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനായി മൂന്ന് സ്‌കൂള്‍ കെട്ടിടങ്ങളും മൂന്ന് ഹോസ്റ്റലുകളും ജില്ലാഭരണകൂടം എറ്റെടുത്തു.
ഐടിബിപി ക്യാമ്പില്‍ കൊവിഡ് വ്യാപനം; മുൻകരുതലുമായി ജില്ലാഭരണകൂടം - ജില്ലാഭരണകൂടം
ഐടിബിപി ക്യാമ്പിലെ എല്ലാവര്‍ക്കും ക്വാറന്റൈന്‍ സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേക സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ പുറത്തിറക്കി.
ഐടിബിപി ഉദ്യോഗസ്ഥരുടെ കൊവിഡ് ബാരക്ക് പൂര്‍ണമായി ഒഴിപ്പിക്കുകയും ബാരക്കില്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ തുടങ്ങാനുള്ള നടപടികളാരംഭിക്കുകയും ചെയ്തു. 120 ബെഡുകളാണ് ഇവിടെ ഉണ്ടാവുക. ക്യാമ്പിലെ എല്ലാവര്‍ക്കും ക്വാറന്റൈന്‍ സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. സമീപത്തുള്ള ശ്രീബുദ്ധഎഞ്ചിനീയറിംഗ് കോളജ്, വെള്ളാപ്പള്ളി നടേശന്‍ എഞ്ചിനീയറിംഗ് കോളജ്, എന്നിവിടങ്ങളാണ് ഇതിനായി ക്രമീകരിച്ചിട്ടുള്ളത്.
ഇതുവരെ 280 പേരുടെ സ്രവപരിശോധന നടത്തി. നിലവിലുള്ളവരുടെ പരിശോധനക്കുപുറമെ നിരീക്ഷണത്തിലുള്ള ഐടിബിപി ഉദ്യോഗസ്ഥരുടെയും ക്യാമ്പിനുപുറത്ത് നൂറനാട്, താമരക്കുളം, പാലമേല്‍ പഞ്ചായത്തുകളില്‍ വീടുകളില്‍ താമസിക്കുന്ന ഐടിബിപി ഉദ്യോഗസ്ഥരുടെയും സ്രവപരിശോധന നടത്തും.
അതേസമയം ക്യാമ്പിനോട് ചേര്‍ന്ന് കെസിഎം നഴ്‌സിങ് കോളജില്‍ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. 0479 2382445 എന്നതാണ് കണ്‍ട്രോള്‍ റൂം നമ്പര്‍. ഐടിബിപി ക്യാമ്പിനു സമീപത്തുള്ളവരുടെ ആരോഗ്യപരിശോധനക്ക് നോഡല്‍ ഓഫീസറായി ഡോ വിദ്യയുടെ നേതൃത്വത്തില്‍ ഒരു ടീമിനെ സജ്ജീകരിച്ചു. കൂടാതെ ഐടിബിപി കാമ്പസ് മുഴുവന്‍ കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കുന്നതിന് ഫയര്‍ഫോഴ്‌സിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പരിശോധനാഫലം പോസിറ്റീവ് ആയ ഉദ്യോഗസ്ഥരെ കായംകുളം എല്‍മെക്‌സിലും വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. പരിശോധനാഫലം നെഗറ്റീവായ ഉദ്യോഗസ്ഥരെ ചെറുപുഷ്പം ബഥനി സ്‌കൂള്‍ , ചത്തിയറ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലേക്ക് മാറ്റാനാണ് പദ്ധതി. കൊവിഡ് ആശുപത്രികളില്‍ നിന്നും ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ നിന്നും രോഗമുക്തരായി വിടുതല്‍ വാങ്ങുന്നവരെയും ഈ സ്‌കൂളുകളിലേക്കാണ് മാറ്റുക.