കേരളം

kerala

ETV Bharat / briefs

അംഗബലം കൂടിയിട്ടും മന്ത്രിപദമില്ല; ബിജെപിയിലും ഘടകകക്ഷികളിലും അതൃപ്തി

22 എംപിമാരെ ജയിപ്പിച്ച ബംഗാള്‍ ഘടകത്തിന് ഇത്തവണയും രണ്ട് മന്ത്രിസ്ഥാനം മാത്രം

modi

By

Published : Jun 2, 2019, 10:33 AM IST

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി അധികാരത്തിലെത്തിയ നരേന്ദ്രമോദി സർക്കാരിന് ആദ്യ തലവേദനയായി മന്ത്രി സ്ഥാനം. 2014 നെ അപേക്ഷിച്ച് ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളില്‍ മികച്ച വിജയവും എംപിമാരുടെ എണ്ണവും വർദ്ധിച്ചെങ്കിലും പ്രതീക്ഷിച്ച മന്ത്രി സ്ഥാനം കിട്ടിയില്ലെന്നാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളുടെ പരാതി.

ബംഗാളില്‍ 2014 ല്‍ ജയിച്ചത് രണ്ട് സീറ്റുകളില്‍ മാത്രമായിരുന്നു. 2019 ല്‍ 22 എംപിമാരെയാണ് ബിജെപി ബംഗാൾ ഘടകം ജയിപ്പിച്ചത്. എന്നാല്‍ 2014 ല്‍ ലഭിച്ച രണ്ട് മന്ത്രിസ്ഥാനം മാത്രമാണ് ബംഗാളിന് ഇത്തവണയും ലഭിച്ചത്. ബിജെപി ദേശീയ നേതൃത്വത്തില്‍ നിന്നുള്ള പല നേതാക്കളെയും അവഗണിച്ചുവെന്ന് ബംഗാൾ ബിജെപി ഘടകം അധ്യക്ഷൻ ദിലീപ് ഘോഷ് പരസ്യമായി അതൃപ്തി പ്രകടമാക്കിയിട്ടുണ്ട്. സരോജ് പാണ്ഡെ, ഭൂപീന്ദർ യാദവ്, അനില്‍ ജെയിൻ, പ്രഭാത് ഝാ, ഒപി മാഥുർ, കൈലാസ് വിജയ് വർഗിയ, രാം മാധവ്, പി മുരളീധർ റാവു, ജെപി നഡ്ഢ എന്നി പ്രമുഖരെ മന്ത്രിസഭയിലേക്ക് പരിഗണിക്കാത്തതില്‍ അതൃപ്തി പരസ്യമാണ്. ഇതേ പരാതിയാണ് ഘടകകക്ഷികൾക്കുമുള്ളത്.

ശിവസേനയ്ക്ക് രണ്ടാം മോദി മന്ത്രിസഭയില്‍ വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന പരാതിയുണ്ട്. 18 എംപിമാരുള്ള ശിവസേന ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തിനായി ആവശ്യം ഉന്നയിച്ചു കഴിഞ്ഞതായാണ് വിവരം. ബീഹാറില്‍ ബിജെപിക്ക് ഒപ്പം മികച്ച വിജയം നേടിയ നിതീഷ് കുമാറിന്‍റെ ജെഡിയു, അപ്നാദൾ എന്നി ഘടകകക്ഷികൾക്കും മന്ത്രിസഭയില്‍ അർഹമായ പ്രധാന്യം ലഭിക്കാത്തതില്‍ അതൃപ്തിയുണ്ട്. അപ്നാദൾ ക്യാബിനറ്റ് പദവി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് മന്ത്രിസഭയില്‍ ചേർന്നിട്ടുമില്ല. ഇതോടൊപ്പം ദക്ഷിണേന്ത്യയില്‍ നിന്ന് മന്ത്രിമാരുടെ എണ്ണം കുറഞ്ഞതില്‍ ബിജെപി ദക്ഷിണേന്ത്യൻ സംസ്ഥാന ഘടകങ്ങൾക്കും എതിർപ്പുണ്ട്. തമിഴ്നാട്ടില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആരും മോദി മന്ത്രിസഭയിലെത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ABOUT THE AUTHOR

...view details