ന്യൂഡല്‍ഹി: ഏകദിന പ്ലേയിങ് ഇലവനില്‍ നിന്ന് മുന്‍ ക്യാപ്‌റ്റന്‍ എംഎസ് ധോണി തന്നെ തഴഞ്ഞതിന് പിന്നാലെ വിരമിക്കുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നതായി മുന്‍ താരം വീരേന്ദര്‍ സെവാഗ്. എന്നാല്‍ ആ സമയത്ത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്‍റെ മനസ് മാറ്റി എന്നും സെവാഗ് വെളിപ്പെടുത്തി. 'തന്‍റെ ജീവിതത്തിലെ മോശം ഘട്ടമാണിതെന്നും അത് മറികടക്കാനാകുമെന്നാണ്' സച്ചിൻ പറഞ്ഞിരുന്നത്.
2008ല്‍ നടന്ന ഓസ്‌ട്രേലിയക്കെതിരായ പരമ്പരക്കിടയിലാണ് വിരമിക്കല്‍ ചിന്ത എന്റെ മനസിലേക്ക് വന്നത്. അന്ന് 150 റണ്‍സ് സ്‌കോര്‍ ചെയ്‌ത ഞാൻ ടെസ്റ്റ് പരമ്പരയില്‍ ഗംഭീര തിരിച്ചുവരവ് നടത്തി. എന്നാല്‍ ഏകദിനത്തിലെ നാല് മത്സരങ്ങളിൽ മികച്ച രീതിയിൽ റണ്‍സ് നേടാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. അതോടെ ധോണി എന്നെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കി. ആ സമയമാണ് ഏകദിനത്തില്‍ നിന്ന് വിരമിച്ച് ടെസ്റ്റില്‍ തുടരുന്നതിനെ കുറിച്ച് ഞാന്‍ ആലോചിച്ചത്', സെവാഗ് പറഞ്ഞു.