മീൻ പിടിക്കാൻ പോയ ഗൃഹനാഥൻ മുങ്ങി മരിച്ചു
അച്ചൻകോവിലാറ്റിലെ കല്ലറക്കടവിൽ മീൻ പിടിക്കുന്നതിനിടെയായിരുന്നു അപകടം
പത്തനംതിട്ട : അച്ചൻകോവിലാറ്റിൽ മീൻ പിടിക്കാൻ പോയ ഗൃഹനാഥൻ മുങ്ങി മരിച്ചു. കോന്നി ടൗണിലെ ബെസ്റ്റ് ബേക്കറി ഉടമയായ കുമ്മണ്ണൂർ താന്നിമൂട്ടിൽ അഷ്റഫ് (56) ആണ് മരിച്ചത്. പിതാവ് അബ്ദുൽ കാസിം, സഹോദരൻ നൗഷാദ് എന്നിവർക്കൊപ്പം അച്ചൻകോവിലാറ്റിലെ കല്ലറക്കടവിൽ മീൻ പിടിക്കുന്നതിനിടെയായിരുന്നു അപകടം. കാലിൽ വല കുടുങ്ങി വെള്ളത്തിൽ വീണ് ഒഴക്കിൽപ്പെട്ടതോടെ നീന്തി രക്ഷപെടാൻ ശ്രമിച്ചെങ്കിലും ചുഴിയിൽപ്പെട്ട് മുങ്ങിപ്പോവുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നു നടത്തിയ തിരച്ചിലിൽ വൈകീട്ട് അഞ്ചരയോടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാളെ പോസ്റ്റുമോർട്ടം നടത്തിയ ശേഷം കുമ്മണ്ണൂർ മുസ്ലീം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കും.