ബെംഗളൂരു: നിരവധി സ്ത്രീകളെ ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ സയനൈഡ് മോഹന് ഇരുപതാമത്തെ കേസില്‍ ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. 2009ല്‍ മലയാളി യുവതിയെ പീഡിപ്പിച്ച് കൊന്ന കേസിലാണ് പ്രതിക്ക് കോടതി ജീവപര്യന്തം വിധിച്ചത്. സെഷൻസ് കോടതി ജഡ്ജി സയീദുന്നിസയാണ് വിധി പ്രസ്താവിച്ചത്. നേരത്തെ അഞ്ച് കൊലപാതക കേസുകളില്‍ അമ്പത്തിയേഴുകാരനായ മോഹന് കോടതി വധശിക്ഷയും മൂന്ന് കേസുകളില്‍ ജീവപര്യന്തവും വിധിച്ചിരുന്നു. വധശിക്ഷയില്‍ രണ്ടെണ്ണം പിന്നീട് ജീവപര്യന്തമാക്കി മാറ്റി.
ഇരുപതാമത്തെ കേസില്‍ സയനൈഡ് മോഹന് ജീവപര്യന്തം
2009ല്‍ മലയാളി യുവതിയെ പീഡിപ്പിച്ച് കൊന്ന കേസിലാണ് പ്രതിക്ക് കോടതി ജീവപര്യന്തം വിധിച്ചത്. സെഷൻസ് കോടതി ജഡ്ജി സയീദുന്നിസയാണ് വിധി പ്രസ്താവിച്ചത്
കാസര്‍കോട് സ്വദേശിനിയായ25 കാരിയെയാണ് മോഹന്‍ കൊലപ്പെടുത്തിയത്. മോഹനുമായി ഇവര്‍ 2009 ലാണ് പരിചയപ്പെടുന്നത്. മൂന്നിലേറെ തവണ മോഹന്‍ ഈ യുവതിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. വിവാഹം കഴിക്കാമെന്ന് മോഹന്‍ വാഗ്ദാനവും നല്‍കി. 2009 ജൂലൈ എട്ടിന് ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ യുവതി മോഹനോടൊപ്പം ബെംഗളൂരുവിലേക്ക് പോയി. സ്ത്രീയോടൊപ്പം ഒരു ലോഡ്ജില്‍ താമസിച്ച മോഹന്‍, ഗര്‍ഭനിരോധന ഗുളികയാണെന്ന് തെറ്റിദ്ധരിപ്പിച്ച് സ്ത്രീക്ക് സയനൈഡ് കലര്‍ന്ന ഗുളിക നല്‍കി ബലാത്സംഗം ചെയ്ത് കൊല്ലുകയായിരുന്നു.
ജീവപര്യന്തം തടവുശിക്ഷക്ക് ഒപ്പം 25000 രൂപ പിഴയും തട്ടിക്കൊണ്ടുപോകലിന് പത്തുവർഷം തടവും 5000 രൂപ പിഴയും വിഷം കഴിപ്പിച്ചതിന് പത്തുവർഷവും 5000 രൂപ പിഴയും ബലാത്സംഗത്തിന് ഏഴ് വർഷം തടവും 5000 രൂപ പിഴയും ആഭരണം മോഷ്ടിച്ചതിന് അഞ്ചുവർഷം തടവും 5000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. 46 സാക്ഷികളെ കോടതി വിസ്തരിച്ചു. 89 രേഖകളും കവർന്നെടുത്ത ആഭരണങ്ങളടക്കമുള്ളവയും കോടതി പരിശോധിച്ചു.പ്രതി മോഹന്റെ രണ്ടാം ഭാര്യയുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്ത പെന്‍ഡന്റ് മരിച്ച യുവതിയുടെ അമ്മക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു.