കേരളം

kerala

ETV Bharat / briefs

ഉംറ തീർഥാടനത്തിന്‍റെ പേരിൽ ലക്ഷങ്ങൾ കവർന്ന് ഏജന്‍റ് മുങ്ങി

പാലക്കാട് ഗ്ലോബൽ ട്രാവൽസ് ഉടമ അക്ബർ അലിക്കെതിരെയാണ് പരാതി

By

Published : May 12, 2019, 1:03 PM IST

ഉംറ തീർത്ഥാടനത്തിന്‍റെ പേരിൽ ലക്ഷങ്ങൾ കവർന്ന് ഏജന്‍റ് മുങ്ങി

പാലക്കാട്: ഉംറ തീർത്ഥാടനത്തിന്‍റെ പേരിൽ ലക്ഷങ്ങൾ തട്ടി ട്രാവൽ ഏജന്റ് മുങ്ങിയതായി പരാതി. പാലക്കാട് ഗ്ലോബൽ ട്രാവൽസ് ഉടമ അക്ബർ അലിക്കെതിരെയാണ് തട്ടിപ്പിനിരയായവർ പരാതി നൽകിയിരിക്കുന്നത്. ഉംറ തീർഥാടനത്തിനായി ഓരോരുത്തരും 50000 മുതൽ ലക്ഷങ്ങൾ വരെ നൽകിയിരുന്നു. പാസ്പോർട്ട് ഉൾപ്പെടെയുളള രേഖകളും ട്രാവൽഏജൻസിക്ക് നൽകി. പോകേണ്ട തിയതിയെക്കുറിച്ചോ, യാത്രയുടെ വിശദാംശങ്ങളെക്കുറിച്ചോ ഒന്നും തന്നെ ഇവർ യാത്രക്കാരെ അറിയിച്ചിരുന്നില്ല. തുടർന്ന് ഇവർ നടത്തിയ അന്വേഷണത്തിലാണ് വഞ്ചിക്കപ്പെട്ടതായി മനസ്സിലാക്കുന്നത്. പാലക്കാട്ട് മാത്രം 45 പേരാണ് ഇത്തരത്തിൽ തട്ടിപ്പിനിരയായിരിക്കുന്നത്. പാലക്കാട് മഞ്ഞക്കുളത്തുളള ഏജൻസിയുടെ ഓഫീസിലെത്തി അന്വേഷിച്ചെങ്കിലും ഏജൻസി പൂട്ടിക്കിടക്കുകയായിരുന്നു.

പാലക്കാട് സൗത്ത് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വഞ്ചന കുറ്റത്തിന് എജൻസി ഉടമ അക്ബർ അലിയുടെ പേരിൽ കേസെടുത്തിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ഇവരുടെ പാസ്പോർട്ടും രേഖകളും ഓഫീസ് തുറന്ന് കണ്ടെടുത്തു. അക്ബർ അലിയുടെ ട്രാവൽ ഏജൻസി വഴി ഉംറക്ക് പോയവർ മക്കയിൽ കുടുങ്ങിക്കിടക്കുന്നതായി വിവരമുണ്ട്. ഇവരെ തിരിച്ചെത്തിക്കാൻ ബന്ധുക്കൾ വിദേശകാര്യമന്ത്രാലത്തിന്‍റെ സഹായം തേടിയിട്ടുണ്ട്. മലപ്പുറത്തും പാലക്കാട്ടുമുളളവരാണ് തട്ടിപ്പിനിരയായവരിൽ അധികവും. മണ്ണാർക്കാട് സ്വദേശിയാ അക്ബർ അലി നാടുവിട്ടെന്നാണ് സൂചന. അതെ സമയം ഇയാൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details