തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ ശബരിമലയും മുഖ്യമന്ത്രിയുടെ ശൈലിയും തിരിച്ചടിച്ചുവെന്ന് തുറന്നു സമ്മതിച്ച് സിപിഐ. വിശ്വാസികൾക്കിടയിലെ സർക്കാർ വിരുദ്ധ വികാരം വൻ തോൽവിക്ക് കാരണമായി. മുഖ്യമന്ത്രിയുടെ ധാർഷ്ഠ്യം നിറഞ്ഞ ശൈലി തോൽവിയുടെ ആഘാതം കൂട്ടിയെന്നും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ അഭിപ്രായമുയർന്നു. ശബരിമല തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായില്ലെന്ന സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ അഭിപ്രായം സിപിഐ എക്സിക്യൂട്ടീവ് യോഗം തള്ളി.
തോല്‍വിക്ക് കാരണം ശബരിമല: മുഖ്യമന്ത്രിയുടെ ശൈലിയിലും സിപിഐയ്ക്ക് അതൃപ്തി - സിപിഐ
ശബരിമല തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായില്ലെന്ന സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ അഭിപ്രായം സിപിഐ എക്സിക്യൂട്ടീവ് യോഗം തള്ളി.
ശബരിമല വിഷയം കൈകാര്യം ചെയ്ത സർക്കാർ രീതി ശരിയായില്ല. ബഹുഭൂരിപക്ഷം വരുന്ന ശബരിമല വിശ്വാസികൾക്കിടയിൽ സർക്കാർ വിരുദ്ധ വികാരം ഉണ്ടാകാൻ അത് ഇടയാക്കി. വനിതാ മതിൽ സൃഷ്ടിച്ചതിന്‍റെ തൊട്ടടുത്ത ദിവസം രണ്ട് ആക്ടിവിസ്റ്റുകളെ ശബരിമലയിലേക്ക് കടത്തി വിട്ടത് വനിതാമതിലിന്‍റെ ശോഭ കെടുത്തി. ഈ നടപടി തെരഞ്ഞെടുപ്പിൽ തിരിച്ചടിച്ചു. ജനോപകാരപ്രദമായ ഒട്ടേറെ നടപടികൾ സർക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടായി. എന്നാൽ ടിവി ചാനലുകളിൽ മുഖ്യമന്ത്രിയുടെ ധാർഷ്ഠ്യം നിറഞ്ഞ മുഖം ജനങ്ങൾ കാണുമ്പോൾ എത്ര വികസനം നടപ്പാക്കിയിട്ടും കാര്യമില്ല. ഇത് തിരുത്തണം എന്ന് പറയാൻ സിപിഐ ആളല്ല. എന്നാൽ തിരുത്തേണ്ടതുണ്ടോയെന്നും സ്വയം വിലയിരുത്തുകയാണ് വേണ്ടതെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.