വാഷിംഗ്ടണ്‍: ചൈനീസ് ടെക് ബ്രാൻഡായ ഹുവാവേ ഉള്‍പ്പെടെ എഴുപതോളം കമ്പനികളുടെ ഉല്‍പന്നങ്ങളെ അമേരിക്ക കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതില്‍ താക്കീതുമായി ചൈന. ട്രംപിന്‍റെ പുതിയ നടപടി ലോകത്തെ ഏറ്റവും മികച്ച വ്യാപാര ബന്ധത്തില്‍ ഉലച്ചിലുണ്ടാക്കുമെന്ന് ചൈന വ്യക്തമാക്കി.
അമേരിക്കയ്ക്ക് താക്കീതുമായി ചൈന
ട്രംപിന്‍റെ പുതിയ നടപടി ലോകത്തെ ഏറ്റവും മികച്ച വ്യാപാര ബന്ധത്തില്‍ ഉലച്ചിലുണ്ടാക്കുമെന്ന് ചൈന
അമേരിക്കന്‍ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാകുന്ന കമ്പനികളുടെ ടെലി കമ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് ബുധനാഴ്ച ഒപ്പുവച്ചിരുന്നു. അമേരിക്കയുടെ വിദേശ നയ താല്‍പര്യങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നയം. രാജ്യത്ത് 5ജി സേവനങ്ങള്‍ ആരംഭിക്കാനിരിക്കെയാണ് ഹുവാവേക്ക് തിരിച്ചടിയാകാനിടയുള്ള നടപടിയുമായി അമേരിക്ക രംഗത്ത് വന്നിരിക്കുന്നത്. ഇതോടെ കമ്പനിക്ക് അമേരിക്കയില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുന്നതിന് കാലതാമസം എടുത്തേക്കും. ചൈനീസ് ഉല്‍പന്നങ്ങള്‍ താരിഫ് ഉയര്‍ത്തിയതിന് പിന്നാലെയാണ് കൂടുതല്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ക്കെതിരെയുള്ള അമേരിക്കയുടെ പുതിയ നടപടി.