കൊല്ലം: ഛത്തീസ്ഗഡിൽ കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ മലയാളി യുവതി രേഖാ നായര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു. കോടികളുടെ സുരക്ഷാ ഫണ്ട് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ രേഖ, കൊട്ടാരക്കര പവിത്രേശ്വരം സ്വദേശിനിയാണ്. ആഭ്യന്തര വകുപ്പ് ജീവനക്കാരിയായിരുന്ന രേഖയെ പുത്തൂർ കൈതക്കോട്ടുള്ള വസതിയിലെത്തിച്ചാണ് ഛത്തീസ്ഗഡ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം, കൊല്ലം റൂറൽ പൊലീസിന്‍റെ സഹായത്തോടെ തെളിവെടുപ്പ് നടത്തിയത്.
ഛത്തീസ്ഗഡിൽ കോടികളുടെ തട്ടിപ്പ്: മലയാളി യുവതിക്കെതിരെ അന്വേഷണം
ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സംഘം യുവതിയുടെ പുത്തൂരിലെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി
ഡി ജി പി മുകേഷ് ഗുപ്‌തയുടെ പേഴ്സണൽ സ്റ്റെനോഗ്രാഫറായിരുന്ന രേഖയെ അറസ്റ്റു ചെയ്യുന്നത് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ തടഞ്ഞിരുന്നു. 2015 ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പൊതുവിതരണ സമ്പ്രദായം വഴി വിതരണം ചെയ്യുന്ന ഭക്ഷ്യ സാധനങ്ങളിൽ നിലവാരമില്ലാത്തവ ഉൾപ്പെടുത്തിയും കൃത്രിമമായ ബില്ലുകൾ തയ്യാറാക്കിയും വൻ സാമ്പത്തിക തട്ടിപ്പു നടത്തിയെന്നതാണ് കേസ്. 300 കോടിയുടെ തട്ടിപ്പാണ് രേഖയുടെ പേരില്‍ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുള്ളത്. വരും ദിവസങ്ങളില്‍ കേരളത്തിൽ കൂടുതൽ പരിശോധനകളുണ്ടാകും.