തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
യൂണിവേഴ്‌സിറ്റി കോളജിലെ ആത്മഹത്യ ശ്രമം; കര്‍ശന നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് - ramesh chennithala
ആരോഗ്യകരമായ യൂണിയന്‍ പ്രവര്‍ത്തനമാണ് കോളജില്‍ വേണ്ടതെന്നും ഗുണ്ടാ പ്രവര്‍ത്തനമല്ലെന്നും രമേശ് ചെന്നിത്തല
പെൺകുട്ടിയെ ആത്മഹത്യാ ശ്രമത്തിലേക്ക് തള്ളിവിട്ട കോളജ് യൂണിയൻ പ്രവർത്തകർക്കെതിരെ നടപടി വേണം. ആരോഗ്യകരമായ യൂണിയന്‍ പ്രവര്‍ത്തനമാണ് കോളജില്‍ വേണ്ടതെന്നും ഗുണ്ടാ പ്രവര്‍ത്തനമല്ലെന്നും ചെന്നിത്തല പറഞ്ഞു. പരീക്ഷാ ഹാളില്‍ നിന്ന് പോലും വിദ്യാര്‍ഥികളെ പിടിച്ചിറക്കി യൂണിയന്‍ പരിപാടികളില്‍ പങ്കെടുപ്പിക്കുന്നുവെന്ന് പരാതിയുണ്ട്. ഒരു കോളജിനെ തങ്ങളുടെ കുത്തകയായി മാത്രം പിടിച്ചുവെച്ച് കുട്ടികളെ അടിമകളെപ്പോലെ നിര്‍ബന്ധിച്ച് പരിപാടികളില്‍ പങ്കെടുപ്പിക്കുന്നു. ഇതിന് തയ്യാറാകാത്തവരെ പീഡിപ്പിക്കുന്നത് ഫാസിസ്റ്റ് രീതിയാണ്. ഇത് അംഗീകരിക്കാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു.
പെണ്‍കുട്ടിയുടെ ആത്മഹത്യ കുറിപ്പില്‍ എസ്എഫ്ഐ നേതൃത്വത്തിനെതിരെ ആരോപണമുണ്ടായിട്ടും നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് കെ എസ് യു സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി. മാര്‍ച്ച് അക്രമാസക്തമായതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മറ്റു സംഘടനകളും സമരരംഗത്തുണ്ട്. സംഘടനക്കെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ എസ്എഫ്ഐ നേരത്തേ തള്ളിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ ആത്മഹത്യ കുറിപ്പ് പുറത്ത് വന്നതോടെ സംഘടന കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു.