മലപ്പുറം: പരീക്ഷക്ക് ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പരീക്ഷ നീട്ടി വച്ച കാലിക്കറ്റ് സര്‍വകലാശാല നടപടിക്കെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. മെയ് എട്ടിന് നടത്താനിരുന്ന നാലാം സെമസ്റ്റര്‍ ബികോം പരീക്ഷകള്‍ മെയ് 27ന് നടത്തുമെന്ന് അറിയിച്ച് പുറത്തിറക്കിയ വിജ്ഞാപനത്തിനെതിരെയാണ് വിദ്യാര്‍ഥികള്‍ രംഗത്ത് വന്നിരിക്കുന്നത്.
പരീക്ഷ തീയതി നീട്ടി കാലിക്കറ്റ് സര്‍വ്വകലാശാല; പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ - കാലിക്കറ്റ് സര്‍വ്വകലാശാല
പരീക്ഷകള്‍ മെയ് മാസത്തില്‍ നടത്തരുതെന്നും നീട്ടിവെക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ഥികള്‍
നിശ്ചയിച്ചിരുന്ന തിയതിയിൽ നിന്ന് പരീക്ഷകൾ മാറ്റുന്നതായി അറിയിച്ചു കൊണ്ട് സർവ്വകലാശാല വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. മെയ് മാസത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവയ്ക്കുന്നുവെന്നും പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നുമായിരുന്നു വിജ്ഞാപനത്തിൽ അറിയിച്ചിരുന്നത്. പിന്നീട് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പരീക്ഷകൾ ഈ മാസം 27 മുതൽ നടത്തുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും പരീക്ഷാ ടൈംടേബിള്‍ പുറത്തുവിട്ടിരുന്നില്ല. പരീക്ഷക്ക് അഞ്ച് ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് പരീക്ഷ ടൈംടേബിൾ പുറത്തുവിട്ടത്. ഇതിനെതിരെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
മെയ് മാസത്തിൽ പരീക്ഷകള്‍ നടത്തില്ലെന്ന് പറഞ്ഞ കാലിക്കറ്റ് സർവ്വകലാശാലയുടെ ഇപ്പോഴത്തെ നടപടി അപ്രതീക്ഷിതമാണെന്നും പരീക്ഷകള്‍ മെയ് മാസത്തില്‍ നടത്തരുതെന്നും നീട്ടിവെക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ ഇതുവരെ സര്‍വ്വകലാശാല അധികൃതര്‍ പ്രതികരിച്ചിട്ടില്ല.