തിരുവനന്തപുരം: ലക്ഷദ്വീപിനോട് ചേർന്ന് തെക്കുകിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം 48 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികൾ ജാഗ്രതപാലിക്കണമെന്നും വ്യാഴാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശം നൽകി.
ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം - alert
കേരള തീരത്ത് 45 മുതല്‍ 55 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തെക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക്, മധ്യ കിഴക്ക് അറബിക്കടൽ, തെക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ, ലക്ഷദ്വീപ് കേരള കർണാടക തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ഈ മേഖലയിൽ മീൻ പിടിക്കാൻ പോകരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥാ വകുപ്പും അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് നാളെയും മറ്റന്നാളും ചില ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു. അതേസമയം, എറണാകുളം, ആലപ്പുഴ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഓറഞ്ച് അലർട്ട് ഉണ്ട്. കാലവർഷം വരുംദിവസങ്ങളിൽ കൂടുതൽ സജീവമാകുമെന്നാണ് വിലയിരുത്തൽ.