മോദി ഭീകരവാദവും നക്സലിസവും തുടച്ചു നീക്കും: യോഗി ആദിത്യനാഥ് - Madhya Pradesh
കോൺഗ്രസ് വർഷങ്ങളായി പൊതുജനത്തെ കൊള്ളയടിക്കുകയായിരുന്നുവെന്നും യോഗി ആദിത്യനാഥ്
മധ്യപ്രദേശ്: മോദി വീണ്ടും അധികാരത്തിലേറുമെങ്കിൽ ഭീകരവാദവും നക്സലിസവും ഇന്ത്യൻ മണ്ണിൽ നിന്നും പൂർണമായും തുടച്ചു നീക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മധ്യപ്രദേശിലെ ഒരു തെരഞ്ഞെടുപ്പ് റാലിക്കിടയിലായിരുന്നു ആദിത്യനാഥിന്റെ പ്രസ്താവന.
" കോൺഗ്രസ് ഭരണത്തിന് കീഴിൽ ആഭ്യന്തര സുരക്ഷ അപകടത്തിലായിരുന്നു. 270 ജില്ലകൾ ഭീകരവാദ ഭീഷണിയിലും. കോൺഗ്രസിലെ ആഭ്യന്തര കലഹത്തിന്റെയും തെറ്റായ പദ്ധതികളുടെയും മോശം ഭരണത്തിന്റെയും ഇരകളാണ് മൂന്നിലൊന്നു ശതമാനം വരുന്ന ഇന്ത്യൻ ജനത" - യോഗി ആദിത്യനാഥ് പറഞ്ഞു.
കോൺഗ്രസ്സ് ഹൈന്ദവരെ ഭീകരവാദികളെന്ന് മുദ്രകുത്തിയെന്നും വർഷങ്ങളായി പൊതുജനത്തെ കൊള്ളയടിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി ഭരണത്തിലേറിയ ശേഷം ഭീകരവാദവും നക്സലിസവും അഞ്ചോ ആറോ ജില്ലകളിൽ മാത്രമാണുള്ളതെന്നും മോദി വീണ്ടും അധികാരത്തിലേറിയാൽ ഇത് മുഴുവനായും ഇല്ലാതാകുമെന്നും യോഗി റാലിയിൽ പറഞ്ഞു.