കൊച്ചി:ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് സ്വർണക്കടത്ത് കേസിലെ പ്രതി പ്രകാശ് തമ്പിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. അപകട സമയത്ത് വാഹനമോടിച്ചത് അർജുൻ തന്നെയാണെന്നും ആശുപത്രിയിൽ കിടന്നപ്പോൾ അർജുൻ ഇക്കാര്യം പറഞ്ഞതായും പ്രകാശ് തമ്പി മൊഴി നല്‍കി. അതേസമയം ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യണോ എന്നത് മൊഴി പരിശോധിച്ച ശേഷം തീരുമാനിക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു. സ്വർണക്കടത്ത് കേസിൽ കാക്കനാട് ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രകാശ് തമ്പിയെ ഡി വൈ എസ് പി ഹരികൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്. പ്രകാശ് തമ്പിയെ ജയിലിലെ സൗകര്യമനുസരിച്ച് ചോദ്യം ചെയ്യാന്‍ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതി അനുമതി നൽകുകയായിരുന്നു.
ബാലഭാസ്കറിന്‍റെ മരണം; കാർ ഓടിച്ചത് അർജുൻ തന്നെയെന്ന് പ്രകാശ് തമ്പി
സ്വർണക്കടത്ത് കേസിൽ കാക്കനാട് ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രകാശ് തമ്പിയെ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്
ബാലഭാസ്കറിന്‍റെ സുഹൃത്തായിരുന്ന പ്രകാശിന് അദ്ദേഹത്തിന്‍റെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിലാണ് പ്രകാശ് തമ്പിയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. അപകടത്തിന് മുമ്പ് ബാലഭാസ്കറും കുടുംബവും ജ്യൂസ് കുടിച്ച കൊല്ലത്തെ കടയിലെ സിസിടിവി ദൃശ്യങ്ങൾ പ്രകാശ് എടുത്തുകൊണ്ടു പോയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയതോടെയാണ് മരണത്തിൽ ദുരൂഹതയേറിയത്. കടയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതായി പ്രകാശ് നേരത്തെ മൊഴി നൽകിയിരുന്നു. കടയുടമയുടെ സുഹൃത്തായ നിസാമിന്‍റെ സഹായത്തോടെയാണ് താൻ ദൃശ്യങ്ങൾ ശേഖരിച്ചതെന്നായിരുന്നു പ്രകാശ് ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തിയത്.
ഇക്കാര്യം കടയുടമ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയെങ്കിലും മാധ്യമങ്ങൾക്ക് മുന്നിൽ നിലപാട് മാറ്റിയിരുന്നു. പ്രകാശ് തമ്പിയെ അറിയില്ലെന്നും ബാലഭാസ്കറാണ് കടയിൽ വന്നതെന്ന് മനസ്സിലായില്ലെന്നും കടയുടമ ഷംനാദ് പറഞ്ഞു. മൊഴികളിലെ വൈരുദ്ധ്യം വിശദമായി അന്വേഷിക്കുന്നതിന്‍റെ ഭാഗമായാണ് പ്രകാശ് തമ്പിയെ ചോദ്യം ചെയ്തത്.