കേരളം

kerala

ലാലിഗയില്‍ അപരാജിതരായി അത്‌ലറ്റിക്കോ മാഡ്രിഡ്

By

Published : Jul 4, 2020, 3:33 PM IST

മല്ലോര്‍ക്കയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ അത്‌ലറ്റിക്കോ മാഡ്രിഡ് ലീഗിലെ തുടര്‍ച്ചയായ 12ാം മത്സരത്തിലും അപരാജിതരായി മുന്നോട്ട് പോവുകയാണ്

atletico madrid news laliga news അത്‌ലറ്റിക്കോ മാഡ്രിഡ് വാര്‍ത്ത ലാലിഗ വാര്‍ത്ത
മൊറാട്ട

മാഡ്രിഡ്:സ്‌പാനിഷ് ലാലിഗയില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് കുതിപ്പ് തുടരുന്നു. മല്ലോര്‍ക്കയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ അത്‌ലറ്റിക്കോ മാഡ്രിഡ് പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. സ്‌പാനിഷ് താരം അല്‍വാരോ മൊറാട്ടയുടെ ഇരട്ട ഗോളിന്‍റെ പിന്‍ബലത്തിലാണ് അത്‌ലറ്റിക്കോ മാഡ്രിഡിന്‍റെ വിജയം. മൊറാട്ട ആദ്യ പകുതിയിലായിരുന്നു മല്ലോര്‍ക്കയുടെ വല ചലിപ്പിച്ചത്. 29-ാം മിനുട്ടില്‍ പെനാല്‍ട്ടിയിലൂടെയായിരുന്നു ആദ്യ ഗോള്‍. തുടര്‍ന്ന് ആദ്യ പകുതിയുടെ അധിക സമയത്തും മൊറാട്ട ഗോള്‍ നേടി. 79ാം മിനുട്ടില്‍ കോക്കെയും അത്‌ലറ്റിക്കോ മാഡ്രിഡിനായി ഗോള്‍ സ്വന്തമാക്കി.

മൊറാട്ട

ലിവര്‍പൂളിനെതിരായ രണ്ട് ചാമ്പ്യന്‍സ് ലീഗ് വിജയങ്ങള്‍ ഉള്‍പ്പെടെ തുടര്‍ച്ചയായി 14 മത്സരങ്ങളില്‍ അത്‌ലറ്റിക്കോ അപരാജിതരായി മുന്നോട്ട് പോവുകയാണ്. ലാലിഗയില്‍ മാത്രം 12 മത്സരങ്ങളില്‍ അത്‌ലറ്റിക്കോ തോല്‍വി അറിഞ്ഞിട്ടില്ല. നേരത്തെ കൊവിഡ് 19ന് ശേഷം ലാലിഗ പുനരാരംഭിക്കുമ്പോള്‍ ചാമ്പ്യന്‍സ് ലീഗ് ബെര്‍ത്ത് ഉറപ്പിക്കാന്‍ പൊരുതുന്ന അത്‌ലറ്റിക്കോയെയാണ് നാം കണ്ടത്. എന്നാല്‍ ഇന്ന് അത്‌ലറ്റിക്കോ ലീഗില്‍ മൂന്നാം സ്ഥാനത്തേക്ക് മുന്നേറിയതോടെ ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഏതാണ്ട് ഉറപ്പിച്ച മട്ടാണ്. മൂന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിന് 62 പോയിന്‍റും നാലാം സ്ഥാനത്തുള്ള സെവില്ലക്ക് 57 പോയിന്‍റുമാണ് ഉള്ളത്. ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് നാല് മത്സരങ്ങളും സെവില്ലക്ക് അഞ്ച് മത്സരങ്ങളുമാണ് ശേഷിക്കുന്നത്. അത്‌ലറ്റിക്കോ അടുത്ത മത്സരത്തില്‍ സെല്‍റ്റ വിഗോയെ നേരിടും.

അതേസമയം അത്‌ലറ്റിക്കോ മാഡ്രിഡിനോട് പരാജയപ്പെട്ട മല്ലോര്‍ക്ക തരംതാഴ്ത്തല്‍ ഭീഷണിയിലാണ്. നിലവില്‍ 29 പോയിന്‍റുമായി 18ാം സ്ഥാനത്താണ് മല്ലോര്‍ക്ക. ലീഗില്‍ അഞ്ച് മത്സരങ്ങളാണ് മല്ലോര്‍ക്കയ്ക്ക് ശേഷിക്കുന്നത്.

ABOUT THE AUTHOR

...view details