ജലമേളകൾക്ക് ഭീഷണിയായി പമ്പയാറിലെ മണ്‍പുറ്റുകൾ
ജലമേളകളുടെ നടത്തിപ്പിനെ മണല്‍പുറ്റുകൾ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയില്‍ സംഘാടകർ
പത്തനംതിട്ട: ഉത്രട്ടാതി ജലമേളക്കും ആറന്മുള വള്ളസദ്യക്കും ഭീഷണിയായി പമ്പയാറിലെ മണ്‍പുറ്റുകൾ. ആറന്മുള ക്ഷേത്രക്കടവിലും സത്രക്കടവിലും ഉയര്‍ന്ന് നിൽക്കുന്ന മൺപുറ്റുകളാണ് ചരിത്രപ്രസിദ്ധമായ ഉത്രട്ടാതി ജലമേളയുടെയും വള്ളസദ്യ ആഘോഷങ്ങളുടെയും നടത്തിപ്പിന് ഭീഷണി ഉയർത്തുന്നത്. മുൻ ജലസേചന വകുപ്പ് മന്ത്രി മാത്യു ടി തോമസും ആറന്മുള എംഎൽഎ വീണാ ജോർജും മുൻകൈയെടുത്ത് കഴിഞ്ഞ വർഷം ഡ്രഡ്ജിംഗ് നടത്തിയെങ്കിലും പ്രളയം കാരണം ഫലപ്രദമായിരുന്നില്ല. കഴിഞ്ഞ ഡിസംബറിൽ ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെ തുടർന്ന് വേനൽക്കാലത്ത് ഡ്രഡ്‌ജിംഗിലൂടെ മൺപുറ്റുകൾ നീക്കം ചെയ്യാമെന്ന് വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാൽ വേനൽക്കാലം അവസാനിച്ച് മഴക്കാലം ആരംഭിച്ചിട്ടും മൺപുറ്റുകൾ നീക്കം ചെയ്യാൻ ആരംഭിച്ചിട്ടില്ല. മൺപുറ്റുകളിൽ പള്ളിയോടങ്ങൾ തട്ടിയാൽ അപകടത്തിനിടയാക്കുമെന്ന് പള്ളിയോട സേവാ സംഘം സെക്രട്ടറി ഹരിഹരൻ നായർ പറഞ്ഞു. ജലസേചന വകുപ്പിന്‍റെ അനാസ്ഥ ജലമേളകളുടെ നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് സംഘാടകർ.