കേരളം

kerala

ETV Bharat / briefs

അനധികൃത കുടിയേറ്റം: മെക്സിക്കോക്കെതിരെ ഇറക്കുമതി തീരുവ ഉയര്‍ത്തി അമേരിക്കയുടെ ഭീഷണി

അതിര്‍ത്തിയിലൂടെയുള്ള കുടിയേറ്റത്തില്‍ കര്‍ശന നടപടിയെടുത്താല്‍ നികുതി വര്‍ധന പിന്‍വലിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്.

ഡൊണാള്‍ഡ് ട്രംപ്

By

Published : May 31, 2019, 9:08 AM IST

അനധികൃത കുടിയേറ്റ വിഷയത്തില്‍ മെക്സിക്കോക്കെതിരെ ഭീഷണിയുമായി അമേരിക്ക. മെക്സിക്കന്‍ അതിര്‍ത്തി വഴിയുള്ള അനധികൃത കുടിയേറ്റം തടയാന്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ആദ്യഘട്ടത്തില്‍ ജൂണ്‍ 10 മുതല്‍ ഇറക്കുമതി തീരുവ അഞ്ച് ശതമാനമാക്കുമെന്ന് ട്രംപ് വ്യക്തമാക്കി. അതിര്‍ത്തിയിലൂടെയുള്ള കുടിയേറ്റത്തില്‍ കര്‍ശന നടപടിയെടുത്താല്‍ നികുതി വര്‍ധന പിന്‍വലിക്കുമെന്നും ട്രംപ് അറിയിച്ചു. ട്രംപിന്‍റെ നിര്‍ദ്ദേശം അംഗീകരിച്ചില്ലെങ്കില്‍ ജൂലൈ പതിനഞ്ചോടെ 10 ശതമാനവും ആഗസ്റ്റില്‍ 20 ശതമാനവും സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ 25 ശതമാനം വര്‍ധിപ്പിക്കുമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി. 2018 ല്‍ 346.5 ബില്യണ്‍ ഡോളറിന്‍റെ ഉല്‍പ്പന്നങ്ങള്‍ മെക്സിക്കോയില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്നു. കാര്‍,കാര്‍ഷിക ഉല്‍പന്നങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും ഇറക്കുമതി ചെയ്തത്.

അമേരിക്കയുടെയും മെക്സിക്കോയുടെയും തെക്കേ അതിര്‍ത്തിയിലൂടെ രാജ്യത്തേക്ക് അനധികൃത കുടിയേറ്റം വ്യാപകമാണെന്ന് ട്രംപ് ആരോപിച്ചു. അമേരിക്കയുെട നടപടിയില്‍ മെക്സിക്കോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ട്രംപിന്‍റെ നീക്കം യുഎസ്-മെക്സിക്കോ-കാനഡ വ്യാപാര കരാറിനെ ബാധിച്ചേക്കും. നേരത്തേ മെക്സിക്കന്‍ അതിര്‍ത്തി അടക്കുമെന്നും രാജ്യവുമായുള്ള വ്യാപാര ബന്ധങ്ങള്‍ അവസാനിപ്പിക്കുമെന്നും ട്രംപ് ഭീഷണി ഉയര്‍ത്തിയിരുന്നു. മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാന്‍ ഫണ്ട് ലഭ്യമാകാത്തതിനെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. മതില്‍ നിര്‍മ്മാണത്തിന് അഞ്ച് ബില്യണ്‍ ഡോളര്‍ ആവശ്യപ്പെട്ടുള്ള ബില്‍ ഡെമോക്രാറ്റുകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് സെനറ്റില്‍ പരാജയപ്പെട്ടത്.

ABOUT THE AUTHOR

...view details