ന്യൂഡൽഹി : ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ സെപ്‌റ്റംബർ 17 മുതൽ പലചരക്ക് വിതരണ സേവനം അവസാനിപ്പിക്കുന്നു. കൃത്യസമയം ഡെലിവറി പൂർത്തിയാക്കുന്നതിൽ തടസങ്ങളുണ്ടാകുന്ന പശ്ചാത്തലത്തിലാണിത്. ഉപഭോക്താക്കളിൽ നിന്ന് മോശം പ്രതികരണം ഉണ്ടാകുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് കമ്പനി വിശദീകരിക്കുന്നു.
അതേസമയം ഇന്ത്യയിലെ മികച്ച ഓൺലൈൻ ഗ്രോസെറി ഡെലിവറി പ്ലാറ്റ്‌ഫോമായ ഗ്രോഫേഴ്‌സിലെ തങ്ങളുടെ നിക്ഷേപം ഭാവിയിൽ മികച്ച ഫലം സൃഷ്‌ടിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും സൊമാറ്റോ അറിയിച്ചു.
ALSO READ:വിവേകാനന്ദന്‍ മതേതരത്വത്തിനായി നിലകൊണ്ടു, യുവത അദ്ദേഹത്തിന്‍റെ ആദര്‍ശം പിന്തുടരണം : എൻ.വി രമണ
ഈ വർഷം ജൂലൈയിലാണ് ഉപഭോക്താക്കൾക്ക് 45 മിനിറ്റിനുള്ളിൽ ഡെലിവറി വാഗ്‌ദാനം ചെയ്യുന്ന പൈലറ്റ് ഗ്രോസെറി ഡെലിവറി സർവീസ് സൊമാറ്റോ ആരംഭിച്ചത്. അതോടൊപ്പം 15 മിനിറ്റിനുള്ളിൽ ഡെലിവറി വാഗ്‌ദാനം ചെയ്യുന്ന കമ്പനിയുടെ എക്‌സ്‌പ്രസ് ഡെലിവറി മോഡൽ ഉപഭോക്താക്കൾക്കിടയിൽ കൂടുതൽ ശ്രദ്ധയാകർഷിച്ചിരുന്നു.
എന്നാൽ ഒരു മാർക്കറ്റ് പ്ലേസ് മോഡലിൽ കുറഞ്ഞ ഡെലിവറി ചാർജുകളോടെ വിതരണം സാധ്യമാക്കുകയെന്നത് ഏറെ ബുദ്ധിമുട്ടാണെന്നും കമ്പനി വ്യക്തമാക്കി. അടുത്തിടെ ഗ്രോഫേഴ്‌സിൽ 100 മില്ല്യൺ ഡോളർ (745 കോടി) നിക്ഷേപം നടത്തിയതായി സൊമാറ്റോ അറിയിച്ചിരുന്നു. 10 മിനിറ്റിൽ ഡെലിവറി സേവനം ലഭ്യമാകുന്നുവെന്നതാണ് ഗ്രോഫേഴ്‌സിന്‍റെ പ്രത്യേകത.