ചെന്നൈ:പരാതി പറയാന്‍ വിളിച്ച തമിഴ് യുവാവിനോട് ഹിന്ദി പഠിയ്ക്കണമെന്ന വിചിത്ര ആവശ്യവുമായിഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ. സംഭവം വിവാദമായതോടെ സൊമാറ്റോ യുവാവിനോട് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ക്ഷമ ചോദിച്ചു.
ഉപഭോക്താവിനെ വട്ടം ചുറ്റിച്ച് സൊമാറ്റോ
തമിഴ്‌നാട് സ്വദേശിയായ വികാസ് എന്ന യുവാവാണ് സൊമാറ്റോയ്‌ക്കെതിരെ സമൂഹ മാധ്യമത്തിലൂടെ രംഗത്തെത്തിയത്. സൊമാറ്റോയില്‍ രണ്ട് ചിക്കന്‍ റൈസ് കോമ്പോയാണ് ഓര്‍ഡര്‍ ചെയ്‌തതെങ്കിലും ഒരെണ്ണം മാത്രമാണ് യുവാവിന് ലഭിച്ചത്. തുടര്‍ന്ന് ഇയാള്‍ സൊമാറ്റോ കസ്റ്റമര്‍ സര്‍വീസ് സെന്‍ററില്‍ വിളിച്ച് പരാതിപ്പെട്ടെങ്കിലും റെസ്റ്റോറന്‍റില്‍ വിളിച്ച് അന്വേഷിയ്ക്കാനായിരുന്നു മറുപടി.
എന്നാല്‍ റസ്റ്റോറന്‍റില്‍ വിളിച്ചപ്പോള്‍ സൊമാറ്റോയ്ക്ക് പരാതി നല്‍കാനായി നിര്‍ദേശം. പണം തിരികെ നല്‍കണമെന്ന് സൊമാറ്റോയോട് ആവശ്യപ്പെട്ടെങ്കിലും അഞ്ച് തവണ റസ്റ്റോറന്‍റില്‍ വിളിച്ച് സംസാരിച്ചെന്നും ഭാഷ പ്രശ്‌നമുണ്ടെന്നും പറഞ്ഞ് സൊമാറ്റോ കയ്യൊഴിയുകയായിരുന്നു.
ഹിന്ദി അറിയണമെന്ന് സൊമാറ്റോ
തമിഴ്‌നാട്ടില്‍ സൊമാറ്റോ തുടങ്ങാമെങ്കില്‍ ഭാഷ മനസിലാകുന്നവരെ കൂടി നിയമിയ്ക്കണമെന്ന് വികാസ് പറഞ്ഞു. ഭാഷ അറിയുന്നവരോട് റസ്റ്റോറന്‍റില്‍ വിളിച്ച് സംസാരിച്ച് പണം തിരികെ നല്‍കണമെന്നും യുവാവ് ആവശ്യപ്പെട്ടു. എന്നാല്‍ ഹിന്ദി ദേശീയ ഭാഷയാണെന്നും പൊതുവായ ഭാഷയായതിനാല്‍ അല്‍പ്പമെങ്കിലും ഹിന്ദി എല്ലാവരും അറിഞ്ഞിരിയ്ക്കണമെന്നുമായിരുന്നു സൊമാറ്റോ ജീവനക്കാരന്‍റെ മറുപടി.
വികാസും കസ്റ്റമര്‍ സര്‍വീസ് സെന്‍ററിലെ ജീവനക്കാരനും തമ്മിലുള്ള സംഭാഷണത്തിന്‍റെ (ചാറ്റ്) സ്‌ക്രീന്‍ഷോട്ട് വികാസ് ട്വിറ്റര്‍ പേജില്‍ പങ്കുവച്ചു. 'ഞാൻ സൊമാറ്റോയിൽ ഭക്ഷണം ഓർഡർ ചെയ്‌തു. ഒരു ഇനം നഷ്‌ടമായി. എനിയ്ക്ക് ഹിന്ദി അറിയാത്തതിനാൽ തുക തിരികെ നൽകാനാവില്ലെന്ന് കസ്റ്റമർ കെയർ പറയുന്നു.
ഒരു ഇന്ത്യക്കാരനായ ഉപഭോക്താവ് ഹിന്ദി അറിയണമെന്നും എന്നോട് പറഞ്ഞു. അയാൾക്ക് തമിഴ് അറിയാത്തതിനാൽ എന്നെ ഒരു നുണയനാണെന്ന് ടാഗ് ചെയ്‌തു. ഒരു ഉപഭോക്താവുമായി സംസാരിക്കുന്ന രീതി ഇതല്ല സൊമാറ്റോ', യുവാവ് ട്വിറ്ററില്‍ കുറിച്ചു.
കുറച്ച് സമയത്തിനുള്ളില്‍ തന്നെ നിരവധി പേരാണ് ട്വീറ്റിനോട് പ്രതികരിച്ചത്. ഹാഷ്‌ടാഗ് റിജക്റ്റ് സൊമാറ്റോ (#RejectZzomato) ട്വിറ്ററില്‍ ട്രെന്‍ഡിങായതോടെ സൊമാറ്റോ യുവാവിനോട് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ക്ഷമ ചോദിയ്ക്കുകയായിരുന്നു.
Also read: സമയത്ത് എത്തിക്കാനാകുന്നില്ല ; പലചരക്ക് വിതരണം അവസാനിപ്പിക്കാൻ സൊമാറ്റോ