ബെംഗളൂരു: സൊമാറ്റോ ഡെലിവറി ബോയ് യുവതിയെ മർദിച്ചെന്ന സംഭവത്തിൽ പ്രതികരണവുമായി സൊമാറ്റോ സ്ഥാപകൻ ദിപീന്ദർ ഗോയൽ രംഗത്ത്. തങ്ങൾ ഹിതേഷയെയും കാമരാജിനെയും ഒരേ പോലെ സഹായിക്കുന്നുണ്ടെന്നും അന്വേഷണവുമായി ബന്ധപ്പെട്ട് എല്ലാ പിന്തുണയും നൽകുമെന്നും ദിപീന്ദർ ഗോയൽ പറഞ്ഞു.
ഡെലിവറി ബോയ് യുവതിയെ മർദിച്ച സംഭവം: പ്രതികരണവുമായി സൊമാറ്റോ സ്ഥാപകൻ ദിപീന്ദർ ഗോയൽ - സൊമാറ്റോ
തങ്ങൾ ഹിതേഷയെയും കാമരാജിനെയും ഒരേ പോലെ സഹായിക്കുന്നുണ്ടെന്നും അന്വേഷണവുമായി ബന്ധപ്പെട്ട് എല്ലാ പിന്തുണയും നൽകുമെന്നും ദിപീന്ദർ ഗോയൽ പറഞ്ഞു
കാമരാജിനെ ആക്‌റ്റീവ് ഡെലിവറികളിൽ നിന്നും താൽക്കാലികമായി സസ്‌പെൻഡ് ചെയ്‌തുവെങ്കിലും നിയമപരമായ സേവനങ്ങൾക്ക് ആവശ്യമായ ചിലവുകൾ തങ്ങൾ വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ ഹിതേഷയുടെ ചികിത്സാ ചെലവുകൾ വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാമരാജ് ഏറെ നാളായി സൊമാറ്റോയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണെന്നും അദ്ദേഹത്തിന്‍റെ സേവനത്തെക്കുറിച്ച് ഉപഭോക്താക്കൾക്ക് മികച്ച അഭിപ്രായമാണുള്ളതെന്നും ദിപീന്ദർ ഗോയൽ ട്വീറ്റ് ചെയ്‌തു. റെക്കോർഡ് പ്രകാരം കാമരാജ് ഇതുവരെ ഞങ്ങൾക്ക് 5,000 ഡെലിവറികളാണ് നടത്തിയിട്ടുള്ളത്. കസ്റ്റമർ റേറ്റിങ്ങിൽ 4.75 സ്റ്റാർ റേറ്റിങ്ങുണ്ടെന്നും ഇപ്പോൾ 26 മാസമായി ഞങ്ങളോടൊപ്പം പ്രവർത്തിക്കുന്നുവെന്നും ദിപീന്ദർ ഗോയൽ കൂട്ടിച്ചേർത്തു.
ഓൺലൈനിൽ ഓർഡർ ചെയ്‌ത ഭക്ഷണം വൈകിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ ഡെലിവറി ബോയ് മർദിച്ചുെവന്ന പരാതിയുമായി മേക്കപ്പ് ആർട്ടിസ്റ്റായ ഹിതേഷ ഇന്ദ്രാനിയാണ് രംഗത്ത് വന്നത്. എന്നാൽ തന്നെ ചെരുപ്പുകൊണ്ട് അടിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് വാതിലിൽ തട്ടി യുവതിയുടെ മുഖത്ത് പരിക്കേറ്റതെന്നാണ് ഡെലിവറി ബോയ് കാമരാജ് പൊലീസിന് നൽകിയ മൊഴി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.