പട്‌ന : തമിഴ്‌നാട്ടിൽ അതിഥി തൊഴിലാളികളെ ആക്രമിക്കുന്നതിന്‍റെ വ്യാജ വീഡിയോകൾ പങ്കുവെച്ച യൂട്യൂബർ മനീഷ് കശ്യപിനെ തമിഴ്‌നാട് പൊലീസ് ട്രാൻസിറ്റ് റിമാൻഡിൽ വാങ്ങി. ബിഹാർ പൊലീസ് അറസ്‌റ്റ് ചെയ്‌ത മനീഷിനെ ഇന്ന് തമിഴ്‌നാട് പൊലീസിന് കൈമാറുകയായിരുന്നു. പട്‌നയിലെ പ്രത്യേക കോടതിയാണ് ട്രാൻസിറ്റ് റിമാൻഡ് അനുവദിച്ചിരിക്കുന്നത്.
തമിഴ്‌നാട് പൊലീസ് മനീഷിനെ തമിഴ്‌നാട്ടിലേയ്‌ക്ക് വിമാന മാർഗം കൊണ്ടുപോയതായി സാമ്പത്തിക കുറ്റകൃത്യ യൂണിറ്റ് (ഇഒയു) സ്ഥിരീകരിച്ചു. നാളെ മനീഷിനെ തമിഴ്‌നാട് കോടതിയിൽ ഹാജരാക്കും. തുടർന്ന് ഇയാളെ കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാനാണ് തമിഴ്‌നാട് പൊലീസിന്‍റെ തീരുമാനം.
വീഡിയോയുടെ ഉള്ളടക്കം : തമിഴ്‌നാട്ടിൽ പ്രദേശവാസികൾ ബിഹാറി അതിഥി തൊഴിലാളികളെ മർദിച്ച് കൊലപ്പെടുത്തിയെന്ന രീതിയിൽ വ്യാജവാർത്ത പ്രചരിപ്പിച്ചെന്ന ആരോപണത്തിൽ നാല് പേർക്കെതിരെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം കേസെടുത്തിരുന്നു. കേസിൽ മുഖ്യ പ്രതിയായ മനീഷ് കശ്യപിനെ മാർച്ച് 18 നാണ് ബിഹാർ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഒളിവിലായിരുന്ന ബിഹാർ സ്വദേശി കൂടിയായ ഇയാൾ പൊലീസിൽ സ്വമേധയാ കീഴടങ്ങുകയായിരുന്നു.
മനീഷ് നിരവധി കേസുകളിൽ പ്രതി : വീഡിയോയുമായി ബന്ധപ്പെട്ട് തമിഴ്‌നാട് പൊലീസ് ഫയൽ ചെയ്‌ത 13 എഫ്‌ഐആറുകളിൽ ആറിലും മനീഷിന്‍റെ പേരുണ്ട്. കൃഷ്‌ണഗിരി, ബർഗാസ്, ത്രിപുര എന്നിവിടങ്ങളിലാണ് മനീഷ് കശ്യപിനെതിരെ കേസെടുത്തിരിക്കുന്നത്. മനീഷിന്‍റെ 'സച്ച് തക്' എന്ന യൂട്യൂബ് ചാനലിനെതിരേയും കേസ് ചാർജ് ചെയ്‌തിട്ടുണ്ട്.