കേരളം

kerala

ETV Bharat / bharat

യൂട്യൂബിലൂടെ ഭക്തര്‍ക്കായി പൂജ, മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ 'പ്രത്യേക സഹായം; വ്യാജ സിദ്ധന്‍ തട്ടിയെടുത്തത് 5 കോടി

മധ്യപ്രദേശ് ഗുണ ജില്ലയിലെ 'യൂട്യൂബ് ബാബ' എന്നറിയപ്പെടുന്ന വ്യാജ സിദ്ധന്‍ യോഗേഷ് മേത്ത അറസ്റ്റിലായി. പലരില്‍ നിന്നായി കോടികള്‍ തട്ടിയെടുത്തതായി പൊലീസ് കണ്ടെത്തി.

Madhya Pradesh  YouTube Baba arrested for over Rs five crore fraud  YouTube Baba arrested  YouTube Baba  വ്യാജ സിദ്ധന്‍  യൂട്യൂബ് ബാബ
YouTube Baba arrested for over Rs five crore fraud

By

Published : Jun 28, 2023, 12:59 PM IST

ഗുണ (മധ്യപ്രദേശ്): സ്വന്തമായി യൂട്യൂബ് ചാനല്‍, മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തനങ്ങളുടെ ഏകോപനം, മ്യൂച്വല്‍ ഫണ്ടിലെ നിക്ഷേപത്തെ കുറിച്ചുള്ള അറിവ്, രാഷ്‌ട്രീയ ബന്ധം. ഗുണയിലെ 'യൂട്യൂബ് ബാബ' 'ചില്ലറക്കാര'നായിരുന്നില്ല ഭക്തര്‍ക്ക്. ഒടുക്കം പിടിക്കപ്പെട്ടപ്പോള്‍ ബാബയുടെ പേരിലുള്ള അഞ്ച് കോടിയിലധികം രൂപയുടെ തട്ടിപ്പാണ് പുറത്തുവന്നത്. ചൊവ്വാഴ്‌ച (ജൂണ്‍ 27) ആണ് മധ്യപ്രദേശ് ഗുണ ജില്ലയിലെ യൂട്യൂബ് ബാബ എന്നറിയപ്പെടുന്ന വ്യാജ സിദ്ധന്‍ യോഗേഷ് മേത്ത അറസ്റ്റിലായത്.

ഉജ്ജൈന്‍ ബദ്‌നഗര്‍ സ്വദേശിയാണ് യോഗേഷ് മേത്ത. ഗുണ ജില്ലയിലെ മൃഗാസ് സ്വദേശി പൂജ പരിഹാറിന്‍റെ പരാതിയിലാണ് യോഗേഷ് മേത്തയെ പൊലീസ് അറസ്റ്റ് ചെയ്‌തത്. മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാനെന്ന വ്യാജേന തന്‍റെ പക്കല്‍ നിന്നും യോഗേഷ് 5.50 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പൂജയുടെ പരാതി.

യൂട്യൂബ് വീഡിയോ കണ്ട് പിന്നീട് പരിചയപ്പെട്ട യോഗേഷിന് ഓണ്‍ലൈന്‍ മണി ട്രാന്‍സ്‌ഫര്‍ മുഖേന പണം അയക്കുകയായിരുന്നു പൂജ. എന്നാല്‍ മ്യൂച്വല്‍ ഫണ്ടില്‍ പണം നിക്ഷേപിച്ചതിന്‍റെ രസീതും പോളിസിയും പൂജ ആവശ്യപ്പെട്ടിട്ടും യോഗേഷ് നല്‍കാന്‍ തയ്യാറായില്ല. ഒരുവര്‍ഷം ഇതിനായി യോഗേഷിനോട് അഭ്യര്‍ഥിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് പൂജ പറയുന്നു.

ഇക്കഴിഞ്ഞ ജൂണ്‍ 23ന് മൃഗാസ് പൊലീസ് സ്റ്റേഷനില്‍ എത്തി പൂജ യോഗേഷ് മേത്തയ്‌ക്കെതിരെ പരാതി നല്‍കി. തുടർന്നുള്ള അന്വേഷണത്തിൽ, ഇയാള്‍ സമാനമായ രീതിയിൽ നിരവധി ആളുകളെ കബളിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഉജ്ജൈൻ, രത്‌ലാം, മന്ദ്‌സൗർ തുടങ്ങി നിരവധി നഗരങ്ങളിൽ 5.50 കോടി രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. തന്‍റെ രാഷ്‌ട്രീയ ബന്ധം കൊണ്ടാണ് ഇയാള്‍ പൊലീസില്‍ നിന്ന് രക്ഷപ്പെട്ടിരുന്നത്.

അനുയായികൾക്കിടയിൽ യൂട്യൂബ് ബാബ എന്നറിയപ്പെടുന്ന യോഗേഷ് മേത്ത തന്‍റെ മൂന്ന് മൊബൈൽ നമ്പറുകള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് എന്ന് പൊലീസ് പറഞ്ഞു. ഭോപ്പാലിലെ ഒരു ഹോട്ടലിൽ താമസിച്ചിരുന്ന മേത്ത തന്ത്ര മന്ത്രത്തിന്‍റെ പേരിൽ ആളുകളെ കബളിപ്പിക്കുകയായിരുന്നു. ആളുകളെ കബളിപ്പിക്കുന്നതിനായി യൂട്യൂബ് ചാനല്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ഒക്‌ടോബറില്‍ കോഴിക്കോട് പയ്യോളിയില്‍ പച്ചമരുന്ന് ചികിത്സയുടെയും മന്ത്രവാദത്തിന്‍റെയും മറവില്‍ മദ്രസ അധ്യാപകന്‍റെ വീട്ടില്‍ കവര്‍ച്ച നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. കാസര്‍കോട് ഉപ്പള സ്വദേശിയായ മുഹമ്മദ് ഷാഫിയെന്ന വ്യാജ സിദ്ധനാണ് പിടിയിലായത്. ഒക്‌ടോബര്‍ 16 രാത്രിയാണ് ഇയാള്‍ അറസ്റ്റിലായത്.

പാലക്കാട് ആലത്തൂര്‍ സ്വദേശിയും പയ്യോളിയിലെ മദ്രസ അധ്യാപകനുമായ മാട്ടുമല ഇസ്‌മയിലാണ് കവര്‍ച്ചയ്ക്ക് ഇരയായത്. ഏഴര പവന്‍ സ്വര്‍ണവും 2,25,000 രൂപയുമാണ് സിദ്ധന്‍ മോഷ്‌ടിച്ചത്. ട്രെയിന്‍ യാത്രയ്ക്കിടെയാണ് ഇസ്‌മയില്‍ ഷാഫിയെ പരിചയപ്പെടുന്നത്. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലാണെന്ന് ഇസ്‌മയില്‍ പറഞ്ഞിരുന്നു. അപ്പോള്‍ തനിക്ക് ചികിത്സ നല്‍കാന്‍ കഴിയുമെന്നും സിദ്ധനാണെന്നും ഷാഫി ഇയാളെ ധരിപ്പിച്ചു.

ചികിത്സ നടത്താനായി സെപ്‌റ്റംബര്‍ 22ന് ഷാഫി പയ്യോളിയിലെ ഇസ്‌മയിലിന്‍റെ വീട്ടിലെത്തി. ചികിത്സയ്ക്കിടെ നമസ്‌കരിക്കാനാണെന്ന് പറഞ്ഞ് കിടപ്പ് മുറിയില്‍ കയറിയ ഇയാള്‍ അലമാരയില്‍ സൂക്ഷിച്ച പണവും സ്വര്‍ണവും കവര്‍ന്ന് രക്ഷപ്പെട്ടു. തുടര്‍ന്ന് ഒക്‌ടോബര്‍ രണ്ടിന് ഇയാള്‍ ഇസ്‌മയിലിനെ ഫോണില്‍ വിളിച്ചു.

ചാത്തന്‍ സേവയിലൂടെ നിങ്ങളുടെ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണവും പണവുമെല്ലാം നഷ്‌ടപ്പെടുമെന്നും രണ്ട് ദിവസത്തിന് ശേഷം മാത്രമേ പണം സൂക്ഷിച്ച പെട്ടി തുറക്കാവൂവെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് പെട്ടി തുറന്ന് നോക്കിയപ്പോഴും സ്വര്‍ണവും പണവും കാണാതിരുന്നതിനെ തുടര്‍ന്ന് ഇസ്‌മയില്‍ ഷാഫിയെ വിളിച്ച് വിവരമറിയിച്ചെങ്കിലും ചാത്തന്‍ സേവയിലൂടെ തന്നെ സ്വര്‍ണവും പണവും തിരികെ ലഭിക്കുമെന്ന് പറഞ്ഞു.

ABOUT THE AUTHOR

...view details