ചെന്നൈ: ലോൺ ആപ്പ് മുഖേന കടക്കെണിയിൽപ്പെട്ട യുവാവ് തമിഴ്‌നാട്ടിൽ ആത്മഹത്യ ചെയ്‌തു. ചെന്നൈ കെ കെ നഗറിലാണ് സംഭവം. ബികോം ബിരുദധാരിയായ നരേന്ദ്രൻ (23) ആണ് ആത്മഹത്യ ചെയ്‌തത്.
ഐടി കമ്പനിയിൽ ജോലി ചെയ്‌തു വരികയായിരുന്ന നരേന്ദ്രൻ മൂന്ന് മാസം മുമ്പ് ഒരു ലോൺ ആപ്പിൽ നിന്ന് 5000 രൂപ വായ്‌പയായി എടുത്തിരുന്നു. ഈ തുക അടച്ചു തീർക്കാൻ യുവാവ് മറ്റൊരു ലോൺ ആപ്പിൽ നിന്നും വായ്‌പ എടുത്തു. എന്നാൽ 33,000 രൂപ പലിശ ഇനത്തിൽ നൽകണമെന്ന് ആപ്പ് പ്രതിനിധികൾ നരേന്ദ്രനോട് ആവശ്യപ്പെട്ടു.
പണം നൽകാനായി പ്രതിനിധികൾ നരേന്ദ്രനെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ഒടുവിൽ അച്ഛനിൽ നിന്നും പണം വാങ്ങി പലിശ തുക അടച്ചു തീർത്തു. ശേഷം വീണ്ടും 50,000 രൂപയോളം നൽകണമെന്ന് ആപ്പ് പ്രതിനിധികൾ നരേന്ദ്രനെ ഫോളിൽ വിളിച്ച് ആവശ്യപ്പെടുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്‌തു. കടുത്ത സമ്മർദത്തിലായ യുവാവ് മറ്റൊരു ലോൺ ആപ്പിൽ നിന്ന് വീണ്ടും ലോൺ എടുത്തു.
ഇത് 15 ദിവസം കൊണ്ട് 80,000 രൂപയുടെ കടക്കെണിയിലാണ് യുവാവിനെ കൊണ്ടെത്തിച്ചത്. അതിനിടെ ലോൺ ആപ്പുകൾ നരേന്ദ്രന്‍റെ മോർഫ് ചെയ്‌ത ചിത്രങ്ങൾ യുവാവിന്‍റെ കോൺടാക്‌റ്റിലുള്ള പെൺകുട്ടികൾക്ക് അയച്ച് ലോൺ തുക അടയ്ക്കണമെന്ന് നരേന്ദ്രനെ ഭീഷണിപ്പെടുത്തി. ഇതേതുടർന്നുള്ള സമ്മർദത്തിൽ തിങ്കളാഴ്‌ച(ഒക്‌ടോബര്‍ 3) പുലർച്ചെ യുവാവ് തൂങ്ങി മരിക്കുകയായിരുന്നു.
എംജിആർ നഗർ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു. കേസിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.