ഗയ (ബിഹാര്‍):മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ ക്രൂരമായി കയ്യേറ്റം ചെയ്‌ത് ആള്‍ക്കൂട്ടം. ഗയ നഗരത്തിലെ കോട്‌വാലി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് മോഷണക്കുറ്റം ആരോപിച്ച് രോഷാകുലരായ ആള്‍ക്കൂട്ടം യുവാവിനെ മൃഗീയമായി ആക്രമിച്ചത്. കൈ രണ്ടും ശരീരത്തോട് ചേര്‍ത്തുകെട്ടി താലിബാന്‍ മാതൃകയിലുള്ള ആക്രമണം ഇവര്‍ മൊബൈല്‍ഫോണ്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്‌തിരുന്നു. ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
പ്രചരിക്കുന്ന വീഡിയോയിലുള്ളത്: യുവാവിനെ ഒരു കൂട്ടം ജനങ്ങള്‍ ബലമായി വിവസ്‌ത്രനാക്കി കൈകള്‍ രണ്ടും ശരീരത്തോട് ചേര്‍ത്ത് കയറുപയോഗിച്ച് ചേര്‍ത്തുകെട്ടിയിരിക്കുന്നു. തുടര്‍ന്ന് ഒന്ന് രണ്ടാളുകള്‍ ചേര്‍ന്ന് തലമുടിയും മീശയുമെല്ലാം വടിച്ചുകളയുന്നു. തുടര്‍ന്ന് യുവാവ് കരഞ്ഞ് അപേക്ഷിക്കുന്നത് മുഖവിലയ്‌ക്കെടുക്കാതെ അതിക്രൂരമായി മര്‍ദിക്കുന്നു. എന്നാല്‍ ഈ വീഡിയോ പ്രചരിച്ചത് ശ്രദ്ധയില്‍പെട്ടതോടെ സംഭവത്തില്‍ പൊലീസ് ഇടപെട്ടിട്ടുണ്ട്.
മാത്രമല്ല സംഭവത്തില്‍ പ്രതികരിച്ച് സീനിയര്‍ പൊലീസ് സൂപ്രണ്ട് ആശിഷ് ഭാരതി രംഗത്തെത്തി. യുവാവിനെതിരെ മോഷണക്കുറ്റ ആരോപണം പൊലീസില്‍ അറിയിക്കുന്നതിന് പകരം മുരാർപൂർ പ്രദേശത്തെ ചിലര്‍ നിയമം കൈയിലെടുത്തു. സംഭവത്തില്‍ എഫ്‌ഐആര്‍ എടുത്തത് കൊണ്ടുതന്നെ വേഗത്തില്‍ നടപടിയുണ്ടാകും. വൈറലായി പ്രചരിക്കുന്ന വീഡിയോയില്‍ കാണുന്ന കുറ്റവാളികള്‍ ആരും തന്നെ നിയമത്തിന് മുന്നില്‍ നിന്നും രക്ഷപ്പെടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: പ്രദേശത്തെ ഒരു വീട്ടില്‍ മോഷണം നടത്താനുള്ള ശ്രമത്തിനിടെയാണ് യുവാവിനെ ജനക്കൂട്ടം പിടികൂടുന്നത്. ഇയാളെ കയ്യില്‍ കിട്ടിയതോടെ രോഷാകുലരായ ജനം തടിച്ചുകൂടി. ഇയാളില്‍ നിന്നും മോഷണമുതലുകളും കണ്ടെടുത്തു. തുടര്‍ന്ന് അവര്‍ നിയമം കയ്യിലെടുക്കുകയായിരുന്നുവെന്നും ആശിഷ് ഭാരതി അറിയിച്ചു.
ഈ സംഭവം ആള്‍ക്കൂട്ടം നീതി നടപ്പാക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകളും ജാഗ്രതയും വര്‍ധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ ഒരു പ്രത്യേക ടീമിനെ രൂപീകരിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ ഉള്‍പ്പെട്ട ഓരോരുത്തരുടെയും ഐഡന്‍റിറ്റി കണ്ടെത്താനാണ് നിലവില്‍ ശ്രമിച്ചുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രവാദം ആരോപിച്ച് ആള്‍ക്കൂട്ടം കൊലപ്പെടുത്തി:അടുത്തിടെ ജാർഖണ്ഡിലെ റാഞ്ചിയില്‍ മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് രണ്ട് സ്‌ത്രീകളെ ആള്‍ക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയിരുന്നു. റൈലു ദേവി (45) ധോളി ദേവി (60) എന്നിവരെയാണ് ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് റാഞ്ചിയിൽ നിന്ന് 60 കിലോമീറ്റർ അകലെ ഒരു കുന്നിൻ പ്രദേശത്ത് നിന്നാണ് ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്. അതേസമയം ഇക്കഴിഞ്ഞ സെപ്‌റ്റംബർ മൂന്ന്, നാല് തീയതികളില്‍ രാത്രിയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്‍റെ നിഗമനം.
മൃതശരീരത്തിൽ വടി കൊണ്ട് അടിച്ച പാടുകളുണ്ടെന്ന് റാഞ്ചി പൊലീസ് സൂപ്രണ്ട് നൗഷാദ് അസ്‌ലം പ്രതികരിച്ചിരുന്നു. മാത്രമല്ല പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇരുവരും മന്ത്രവാദം നടത്തിയെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്നും റാഞ്ചി പൊലീസ് വ്യക്തമാക്കിയിരുന്നു. കൂടാതെ ഗ്രാമത്തിലെ മറ്റൊരു സ്‌ത്രീയെയും കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തെരച്ചിലും പുരോഗമിക്കുകയാണ്. നിലവില്‍ കൊലപാതകത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം റാഞ്ചിയിൽ സമീപകാലത്തായി മന്ത്രവാദം ആരോപിച്ചുള്ള കൊലപാതകങ്ങള്‍ പതിവായിരിക്കുകയാണ്.