കേരളം

kerala

ETV Bharat / bharat

Five State Elections വീണ്ടുമൊരു പഞ്ചസഭ യുദ്ധം, വിധി നിർണയിക്കുന്നത് യുവത്വം... രാജ്യം ആര് ഭരിക്കണമെന്നതിന്‍റെ ചൂണ്ടുപലക - നിയമസഭ തെരഞ്ഞെടുപ്പ് വോട്ടർമാർ

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വിധിനിർണയിക്കുന്നത് പതിനെട്ട് വയസിനും 19 വയസിനും ഇടയിലുള്ളവരാകുമെന്നാണ് റിപ്പോർട്ട്. 15.39 ലക്ഷം യുവ വോട്ടർമാരാണ് പുതുതായി ഈ അഞ്ച് സംസ്ഥാനങ്ങളില്‍ വോട്ട് രേഖപ്പെടുത്താൻ പോകുന്നത്.

Five State Elections
Five State Elections

By ETV Bharat Kerala Team

Published : Oct 17, 2023, 3:32 PM IST

ഹൈദരാബാദ്:അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിക്കഴിഞ്ഞു. 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുൻപുള്ള അവസാന നിയമസഭ തെരഞ്ഞെടുപ്പുകൾ എന്ന നിലയില്‍ വലിയ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ് രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, തെലങ്കാന, മിസോറാം നിയമസഭ തെരഞ്ഞെടുപ്പുകൾ.

ഛത്തീസ്ഗഡില്‍ രണ്ട് ഘട്ടങ്ങളിലായി നവംബർ 7, 17 തിയതികളിലാണ് തെരഞ്ഞെടുപ്പ്. മധ്യപ്രദേശില്‍ നവംബർ 17 നും രാജസ്ഥാനില്‍ നവംബർ 23 നും തെലങ്കാനയില്‍ നവംബർ 30 നും മിസോറാമില്‍ നവംബർ 7 നുമാണ് വോട്ടെടുപ്പ്. ഡിസംബർ 3നാണ് വോട്ടെണ്ണൽ.

രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസും മധ്യപ്രദേശിൽ ബിജെപിയും തെലങ്കാനയിൽ ഭാരത രാഷ്ട്ര സമിതിയും (ബിആർഎസ്) മിസോറാമില്‍ മിസോ നാഷണൽ ഫ്രണ്ടുമാണ് (എംഎൻഎഫ്) ഭരണത്തിലുള്ളത്. ലോക്‌സഭയിലേക്ക് കൂടുതല്‍ എംപിമാരെ സംഭാവന ചെയ്യുന്ന സംസ്ഥാനങ്ങൾ എന്ന നിലയില്‍ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പിന് വലിയ രാഷ്ട്രീയ പ്രാധാന്യമുള്ളത്. അതോടൊപ്പം നിലവില്‍ ഒരു മുന്നണിയുമായും സഖ്യത്തിലില്ലാത്ത ബിആർഎസ് ഭരിക്കുന്ന തെലങ്കാനയില്‍ കോൺഗ്രസും ബിജെപിയും സ്വാധീനമുറപ്പിക്കാനുള്ള ശ്രമത്തിലാണ്. മണിപ്പൂർ വിഷയമടക്കം കത്തി നിന്ന വടക്കുകിഴക്കൻ മേഖലയില്‍ പ്രാദേശിക പാർട്ടികളുടെ നിലപാട് എന്തെന്ന് അറിയുന്നതും ഈ തെരഞ്ഞെടുപ്പ് വഴിയാകും.

വിധി പറയുക യുവത്വം:അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വിധിനിർണയിക്കുന്നത് പതിനെട്ട് വയസിനും 19 വയസിനും ഇടയിലുള്ളവരാകുമെന്നാണ് റിപ്പോർട്ട്. 15.39 ലക്ഷം യുവ വോട്ടർമാരാണ് പുതുതായി ഈ അഞ്ച് സംസ്ഥാനങ്ങളില്‍ വോട്ട് രേഖപ്പെടുത്താൻ പോകുന്നത്. ഛത്തീസ്ഗഢിൽ 18 നും 22 നും ഇടയിൽ പ്രായമുള്ള യുവ വോട്ടർമാരുടെ എണ്ണം 18.68 ലക്ഷമാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിട്ടുണ്ട്. ഛത്തീസ്‌ഗഡിലെ ജനസംഖ്യയുടെ 0.70 ശതമാനമാണ് ഈ വോട്ടർമാർ. സ്വാഭാവികമായും ഇത് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്നുറപ്പാണ്.

തെലങ്കാനയിലും സമാന സ്ഥിതിയാണ്. ഏഴ് ലക്ഷം പുതിയ വോട്ടർമാരാണ് തെലങ്കാനയില്‍ പുതുതായി വോട്ടർപട്ടികയില്‍ ഉൾപ്പെട്ടിട്ടുള്ളത്. തെലങ്കാനയിലെ 3.14 കോടി വോട്ടർമാരിൽ ഏഴു ലക്ഷത്തോളം പേർ 18-19 പ്രായ വിഭാഗത്തിൽപ്പെട്ടവരാണ്, 75 ലക്ഷത്തിലധികം പേർ 19-35 വയസ് പ്രായമുള്ളവരാണ്. അതുകൊണ്ടുതന്നെ കോൺഗ്രസും ബിജെപിയും പ്രകടന പത്രികയില്‍ അടക്കം യുവവോട്ടർമാരെ സ്വാധീനിക്കാനുള്ള പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്.

മധ്യപ്രദേശില്‍ 22,36,000 യുവ വോട്ടർമാരാണ് സംസ്ഥാനത്ത് ആദ്യമായി തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുന്നത്. കൂടാതെ, 18-നും 29-നും ഇടയിൽ പ്രായമുള്ള യുവ വോട്ടർമാരുടെ എണ്ണം 1,63,00,000-ലധികമാണ്. സംസ്ഥാനത്ത്, ഏറ്റവും കൂടുതൽ വോട്ടർമാർ 30 മുതൽ 39 വയസ്സ് വരെ പ്രായമുള്ളവരാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കണക്കുകൾ. നേരിയ ഭൂരിപക്ഷത്തില്‍ കഴിഞ്ഞ തവണ കോൺഗ്രസ് അധികാരത്തിലെത്തിയ രാജസ്ഥാനിലും യുവ വോട്ടർമാരാകും ഇത്തവണ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുക.

യുവ വോട്ടർമാർ സ്ഥാനാർത്ഥികളെയും രാഷ്ട്രീയ പാർട്ടികളെയും സൂക്ഷ്മമായി വിലയിരുത്തി തീരുമാനമെടുക്കുന്നവരാണ്. അതിനാല്‍ രാഷ്ട്രീയ പാർട്ടികൾ മുൻപില്ലാത്ത വിധം പ്രചാരണത്തില്‍ കൂടുല്‍ പ്രാധാന്യം നല്‍കുന്നതും യുവാക്കൾക്കാണ്.

ABOUT THE AUTHOR

...view details