ഭരത്പൂർ (രാജസ്ഥാന്‍):ഭാര്യയെ വീണ്ടെടുക്കാന്‍ മാപ്പപേക്ഷകളും പല പൊടിക്കൈകളും പരീക്ഷിക്കുന്ന ഭര്‍ത്താക്കന്മാര്‍ ഏറെയുണ്ട്. ഇതിനായി കള്ളം പറച്ചിലുകളും സന്ധിസംഭാഷണങ്ങള്‍ക്കായി മുതിര്‍ന്നവരെ ചുമതലപ്പെടുത്തുന്നവരും കുറവല്ല. എന്നാല്‍ 'പൊലീസിന്‍റെ ഇടപെടലോടെ' ഭാര്യയെ തന്‍റെയടുത്തെത്തിച്ച് വാര്‍ത്തയില്‍ നിറഞ്ഞിരിക്കുകയാണ് രാജസ്ഥാനിലെ അഗവാലി നിവാസിയായ ലാൽജീത്ത് (23) എന്ന യുവാവ്.
സംഭവം ഇങ്ങനെ: ബന്ധുക്കള്‍ വിളിച്ചുകൊണ്ടുപോയ ഭാര്യയെ തിരികെയെത്തിക്കാന്‍ ലാൽജീത്ത് വാട്ടര്‍ ടാങ്കിന് മുകളില്‍ കയറിനിന്ന് ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. രാജസ്ഥാനിലെ ഭരത്പൂർ നഗരത്തിലെ മഥുര ഗേറ്റ് പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് ഭാര്യയെ തിരികെയെത്തിക്കാന്‍ ഭര്‍ത്താവ് ഈ അറ്റകൈ പ്രയോഗം നടത്തിയത്. ഒടുവില്‍ യുവാവിന്‍റെ പിടിവാശിയില്‍ ഗത്യന്തരമില്ലാതെ പൊലീസ് ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നിന്ന് യുവതി വിളിച്ചുവരുത്തിയ ശേഷം യുവാവിനെ വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്നും താഴെയിറക്കുകയായിരുന്നു.
ഭാര്യയ്‌ക്ക് വേണ്ടി വേറിട്ട സമരമുറ: ബുധനാഴ്‌ച രാവിലെയാണ് ലാൽജീത് തന്‍റെ വേറിട്ട സമരം ആരംഭിച്ചത്. വാട്ടര്‍ ടാങ്കിന് മുകളില്‍ കയറിനിന്ന് യുവാവ് ആത്മഹത്യാഭീഷണിയുയര്‍ത്തുന്നു എന്നറിഞ്ഞതോടെ പൊലീസും പാഞ്ഞെത്തി. തുടര്‍ന്ന് ഇയാളോട് കാര്യം തിരക്കി. ഇതിനോടുള്ള ലാൽജിത്തിന്‍റെ മറുപടി ഇങ്ങനെയായിരുന്നു: ഇക്കഴിഞ്ഞ മെയ് 10 നാണ് ആര്യസമാജിലെ ഒരു പെൺകുട്ടിയെ താൻ വിവാഹം കഴിക്കുന്നത്. എന്നാൽ അവളുടെ വീട്ടുകാർ അവളെ ആഗ്രയിലുള്ള ബന്ധുവിന്‍റെ വീട്ടിലേക്ക് കൊണ്ടുപോയി. മാത്രമല്ല അവളുടെ കുടുംബാംഗങ്ങള്‍ തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. എന്നാല്‍ തനിക്ക് തന്‍റെ ഭാര്യയെ തിരികെയെത്തിക്കണം.