വില്ലുപുരം (തമിഴ്‌നാട്): വിവാഹത്തിനായി കരുതിവച്ച പണം കൊണ്ട് നാട്ടില്‍ റോഡ് നിര്‍മിച്ച് 31കാരന്‍. തമിഴ്‌നാട് നെല്ലാവൂര്‍ സ്വദേശിയായ ചന്ദ്രശേഖരനാണ് റോഡ് നിര്‍മാണത്തിന് തന്‍റെ സമ്പാദ്യം ചെലവഴിച്ചത്. റോഡില്ലാതെ കഷ്‌ടപ്പെടുന്ന തന്‍റെ ഗ്രാമത്തിലുള്ളവര്‍ക്കായി 9.5 ലക്ഷം രൂപ മുടക്കിയാണ് ചന്ദ്രശേഖരന്‍ കോണ്‍ക്രീറ്റ് റോഡ് നിര്‍മിച്ചത്.
റോഡ് നിര്‍മാണം പൂര്‍ത്തിയായതോടെ നാട്ടുകാരും സന്തോഷത്തിലാണ്, ഒപ്പം തന്‍റെ പണം നിരവധി പേര്‍ക്ക് ഉപകാരപ്പെട്ടു എന്ന സന്തോഷത്തില്‍ ചന്ദ്രശേഖരനും. ചെന്നൈയിലെ ഒരു സ്വകാര്യ ഐടി കമ്പനിയില്‍ ജോലി ചെയ്യുകയാണ് ചന്ദ്രശേഖരന്‍. സിറ്റിയിലെ സൗകര്യങ്ങള്‍ തന്‍റെ ഗ്രാമത്തില്‍ ഉള്ളവര്‍ക്ക് വിദൂരമെങ്കിലും ആകെയുള്ള റോഡെങ്കിലും ഉപയോഗപ്രദമാകണം എന്ന ആഗ്രഹമാണ് ചന്ദ്രശേഖനെ ഇത്തരമൊരു പ്രവര്‍ത്തനത്തിലേക്ക് നയിച്ചത്.
'20 വർഷം മുമ്പാണ് ഈ റോഡിന്‍റെ അറ്റകുറ്റപ്പണികള്‍ നടത്തിയത്. പിന്നീടങ്ങോട്ട് റോഡിനെ അധികൃതര്‍ അവഗണിക്കുകയായിരുന്നു. മഴക്കാലത്ത് ഈ റോഡിലൂടെ ഉള്ള യാത്ര ഒരു വെല്ലുവിളി തന്നെയാണ്, കാല്‍നട യാത്രക്കാര്‍ക്ക് പോലും റോഡിലൂടെ നടക്കുക അസാധ്യം. സര്‍ക്കാരിനോട് റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടു. എന്നാല്‍ ഫണ്ടില്ല എന്ന് പറഞ്ഞ് അധികൃതര്‍ തങ്ങളെ മടക്കി അയക്കുകയായിരുന്നു', ചന്ദ്രശേഖരന്‍ പറഞ്ഞു.
‘നമക്കു നാമേ’ പദ്ധതിയുടെ ഭാഗമായി റോഡ് നന്നാക്കാൻ ചില സുഹൃത്തുക്കൾ നിർദേശിച്ചതിനെ തുടർന്നാണ് ചന്ദ്രശേഖരന്‍ വാനൂർ ജില്ല വികസന ഓഫിസുമായി ബന്ധപ്പെട്ടത്. റോഡ് പുതുക്കുന്നതിനായി ആകെ ചെലവിന്‍റെ 50 ശതമാനം നല്‍കണമെന്ന് അധികൃതര്‍ പറഞ്ഞു. ജിഎസ്‌ടി കൂടി ഉള്‍പ്പെടുമ്പോള്‍ മൊത്തം പ്രൊജക്‌ട് എസ്റ്റിമേറ്റിന്‍റെ 60 ശതമാനം ആകും നല്‍കേണ്ടത്.