ലഖ്‌നൗ: കാൺപൂരിൽ 265 റെംഡെസിവിർ ഇഞ്ചക്ഷൻ കുപ്പികളുമായി അറസ്‌റ്റിലായ മൂന്നു പേർക്കെതിരെ ദേശീയ സുരക്ഷാ നിയമ കേസെടുക്കാൻ യോഗി സർക്കാർ തീരുമാനിച്ചു. കൊവിഡ് ചികിത്സയ്‌ക്കാവശ്യമായ മരുന്നുകൾ കരിഞ്ചന്തയിൽ വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകിയതായി സർക്കാർ വക്താവ് അറിയിച്ചു.
റെംഡെസിവിർ മരുന്നുമായി പിടിയിലാവർക്കെതിരെ കേസ്
കൊവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന പ്രധാന മരുന്നാണ് റെംഡെസിവിർ.
പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് നിയമവിരുദ്ധമായ ഒരു പ്രവർത്തനവും അനുവദിക്കില്ലെന്നും കർശനമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് കമ്മിഷണർ അസിം അരുൺ വ്യക്തമാക്കി. കൊവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ഒരു പ്രധാന മരുന്നാണ് റെംഡെസിവിർ. കൊവിഡ് മരുന്നുകളുടെ ക്ഷാമം കണക്കിലെടുത്താണ് ചിലർ ഉയർന്ന വിലക്ക് മരുന്ന് വിൽക്കുന്നത്. ഹരിയാന സ്വദേശി സച്ചിൻ കുമാർ, നൗബസ്‌തയിലെ പശുപതി നഗർ സ്വദേശിയായ പ്രശാന്ത് ശുക്ല, ബക്തൗരി പൂർവ സ്വദേശി മോഹൻ സോണി എന്നിവരാണ് അറസ്‌റ്റിലായത്. മരുന്ന് കമ്പനിയുമായി ബന്ധമുള്ള പശ്ചിമബംഗാൾ സ്വദേശി അപൂർവ മുഖർജിയാണ് മോഹൻ സോണിക്ക് റെംഡെസിവിർ ഇഞ്ചക്ഷൻ എത്തിച്ചു നൽകിയത്.