ന്യൂഡല്‍ഹി:പ്രതിഷേധ മേഖലകളിലേക്ക് കൂടുതല്‍ കര്‍ഷകരെ സ്വാഗതം ചെയ്ത് സംഘടനാ നേതാക്കള്‍. സമരം അവസാനിച്ചിട്ടില്ലെന്നും രാജ്യത്തെ എല്ലാ കര്‍ഷകരും കുടുംബത്തില്‍ നിന്ന് ഒരാളെ സമരത്തിനായി അയക്കണമെന്നും സ്വരാജ് ഇന്ത്യാ തലവൻ യോഗേന്ദ്ര യാദവ് അറിയിച്ചു. ഡല്‍ഹി - ഗാസിയാബാദ് അതിര്‍ത്തിയില്‍ നടന്ന യോഗത്തിലാണ് യോഗേന്ദ്ര യാദവിന്‍റെ ആഹ്വാനം.
ഭാരതീയ കിസാൻ യൂണിയന്‍ വക്താവ് രാകേഷ് ടിക്കായത്തിന്‍റെ കണ്ണുനീർ കർഷകർക്ക് നൽകിയ ചീത്തപ്പേര് കഴുകി കളഞ്ഞു. സമരവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ഏറെ അപമാനിക്കപ്പെട്ടു. ഇനി ഞങ്ങള്‍ പിന്നോട്ട് പോകില്ലെന്ന് യോഗിജിയും മോദിജിയും മനസിലാക്കണം - യോഗേന്ദ്ര യാദവ് പറഞ്ഞു.
കർഷക നേതാക്കൾക്കെതിരെ ഡല്‍ഹി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് അയച്ചിട്ടുണ്ടെന്നും, യുഎപിഎ ചുമത്തിയിട്ടുണ്ടെന്നും യാദവ് പറഞ്ഞു. രാജ്യത്തുനിന്ന് ഒളിച്ചോടിയ കുറ്റവാളികള്‍ക്കെതിരെ പുറപ്പെടുവിച്ച തരത്തിലാണ് കര്‍ഷക നേതാക്കള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിട്ടിരിക്കുന്നത്. ഞങ്ങള്‍ രാജ്യത്തിനകത്ത് തന്നെ ഉള്ളവരാണ്. രാജ്യം വിടാൻ ഉദ്ദേശിക്കുന്നുമില്ല. അതിനാല്‍ തങ്ങള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസിന്‍റെ ആവശ്യമില്ലെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.
റിപ്പബ്ലിക് ദിനത്തിൽ ഡല്‍ഹിയിലെ തെരുവുകളിലും ചെങ്കോട്ടയിലും നടന്ന അക്രമങ്ങൾക്ക് പിന്നിൽ കർഷക യൂണിയനുകള്‍ അല്ലെന്ന് സ്വരാജ് ഇന്ത്യ തലവൻ ആവർത്തിച്ചു. പക്ഷേ സംഭവിച്ചതിന്‍റെ ധാർമ്മിക ഉത്തരവാദിത്തം ഞങ്ങൾ ഏറ്റെടുക്കുന്നു. സംഘര്‍ഷത്തിനിടെ മരിച്ച രക്തസാക്ഷിക്ക് ആദരവര്‍പ്പിച്ച് നാളെ നിരാഹാരം അനുഷ്ഠിക്കുമെന്നും യോഗേന്ദ്ര യാദവ് അറിയിച്ചു.