ബെംഗളുരു: കാസർകോട് അതിർത്തി ഗ്രാമങ്ങളുടെ പേരുകൾ മാറ്റുന്നുവെന്ന മാധ്യമ റിപ്പോർട്ടുകളെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. അതിർത്തി ഗ്രാമങ്ങളുടെ പേരുകൾ മാറ്റരുതെന്ന് യെദ്യൂരപ്പ കത്തിൽ പിണറായി വിജയനോട് അഭ്യർഥിച്ചു.
ഗ്രാമങ്ങളുടെ പേരുകൾ മാറ്റുന്നതിനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് കർണാടക ബോർഡർ ഏരിയ ഡെവലപ്മെന്‍റ് അതോറിറ്റി ചെയർപേഴ്സൺ സി. സോമശേഖര യെദ്യൂരപ്പയെ സമീപിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പിണറായി വിജയന് യെദ്യൂരപ്പ കത്തയച്ചത്. മഞ്ചേശ്വരം ജില്ലയിലെ അതിർത്തി ഗ്രാമങ്ങളിൽ രണ്ട് സംസ്ഥാനത്തെയും ജനങ്ങൾ ഒരുമിച്ചാണ് ജീവിക്കുന്നതെന്നും സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യമുള്ള കന്നട പേരുകൾ മാറ്റുന്നത് ശരിയല്ലെന്നും കത്തിൽ പറയുന്നു.
എതിർപ്പുമായി കന്നട സാംസ്കാരിക മന്ത്രി
കർണാടക സാംസ്കാരിക മന്ത്രിയും എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ഓരോ ഗ്രാമത്തിന്‍റെയും കന്നട പേരുകൾ ഇവിടുത്തെ ജനങ്ങളുടെ സാംസ്കാരിക ധാർമികതയെ പ്രതിഫലിപ്പിക്കുന്നുവെന്നും ജനങ്ങൾ ഈ പേരുകളുമായി വൈകാരികമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും മന്ത്രി അരവിന്ദ ലിംബാവലി പറഞ്ഞു.