ന്യൂഡൽഹി: യമുന നദിയിലെ ജലനിരപ്പ് അതിവേഗം താഴ്ന്നു തുടങ്ങിയതായി റിപ്പോർട്ട്. ഡല്‍ഹി ഓള്‍ഡ് റെയില്‍വേ പാലത്തില്‍ യമുന നദിയുടെ രാത്രി 11 മണിയോടെ 205.50 മീറ്ററായിരുന്നു ജലനിരപ്പ് രേഖപ്പെടുത്തിയത്. എങ്കിലും ഇപ്പോഴും അപകട നിലയ്ക്ക് മുകളിലാണ്. ജലനിരപ്പ് ഇപ്പോഴും 205.33 മീറ്ററിന് മുകളിലാണെങ്കിലും ജലനിരപ്പ് ഉടൻ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു. നേരത്തെ ഡൽഹിയിലെ യമുന നദിയുടെ ജലനിരപ്പ് ഇന്നലെ രാത്രി 8 മണിക്ക് 205.56 മീറ്ററായിരുന്നു.
യമുനയിലെ ജലനിരപ്പ് അതിവേഗം കുറയുകയാണെന്നും രാത്രിയോടെ അപകടനിലയിൽ താഴെയാകുമെന്നാണ് പ്രതീക്ഷയെന്നുമാണ് ഡൽഹി റവന്യൂ മന്ത്രി അതിഷി പറഞ്ഞു. ജനജീവിതം സാധാരണ നിലയിലാക്കുന്നതിനും താമസസ്ഥലം ഒഴിഞ്ഞുപോയവർക്കായി ദുരിതാശ്വാസ, പുനരധിവാസ ക്യാമ്പുകൾ സ്ഥാപിക്കുന്നതിനുമാണ് ഇപ്പോൾ ഞങ്ങൾ മുൻഗണന നൽകുന്നത്. എന്നാൽ നഗരത്തിന്‍റെ താഴ്‌ന്ന പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ടുണ്ട്. റോഡുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്‌ത് ഒഴിവാക്കുന്ന പ്രവൃത്തി തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിമാരായ അതിഷിയും എൽജി വികെ സക്‌സേനയും ഞായറാഴ്‌ച രാജ്ഘട്ട്, ശാന്തിവൻ, ചെങ്കോട്ട എന്നിവിടങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തി. യമുന നദി ജൂലൈ 10 ന് വൈകുന്നേരം 5 മണിയോടെയാണ് അപകടനിലയായ 205.33 മീറ്റർ മറികടന്നത്. ഓള്‍ഡ് റെയില്‍വേ പാലത്തിലെ ജലനിരപ്പ് (ORB) 08:00 PM മുതൽ 10:00 PM വരെ 205.47 മീറ്ററായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതിനുശേഷം കുറയാൻ സാധ്യതയുണ്ടെന്നുമായിരുന്നു ജൂലൈ 16 ന് രാവിലെ 08:30 ന് കേന്ദ്ര ജലവകുപ്പ് (CWC) പുറപ്പെടുവിച്ച ഏറ്റവും പുതിയ പ്രവചനം.