ഹൈദരാബാദ്:തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവുമായി (കെസിആര്‍) കൂടിക്കാഴ്‌ച നടത്തി ഡല്‍ഹി മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍. ഉദ്യോഗസ്ഥരുടെ മേല്‍ ഡല്‍ഹി സര്‍ക്കാരിനുള്ള നിയന്ത്രണം എടുത്തുമാറ്റാനുള്ള കേന്ദ്ര നീക്കത്തിനെതിരായ പിന്തുണ അഭ്യര്‍ഥിച്ചാണ് കെജ്‌രിവാള്‍ കെസിആറിനെ കണ്ടത്. ഇന്ന് ഉച്ചയ്‌ക്ക് ശേഷം ഹൈദരാബാദിലാണ് കൂടിക്കാഴ്‌ച നടന്നത്.
'മോദി സർക്കാർ ഡൽഹിയിലെ ജനങ്ങളെ അപമാനിച്ചിരിക്കുന്നു. എനിക്ക് സംശയമില്ലാതെ പറയാന്‍ കഴിയും, ഇത് ഡൽഹിയിലെ ജനങ്ങളെ അപമാനിച്ചതിന് തുല്യമാണെന്ന്. ഡല്‍ഹി ഗവൺമെന്‍റിനെ ആരും നാമനിർദേശം ചെയ്‌തതിനെ തുടര്‍ന്ന് വന്നതല്ല. ഡൽഹിയിലെ ജനങ്ങളാണ് സർക്കാരിനെ ഭരണ ചുമതല ഏല്‍പ്പിച്ചത്. ഇത് അടിയന്തരാവസ്ഥയേക്കാൾ മോശമാണ്' - കെജ്‌രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
കെജ്‌രിവാളിനൊപ്പം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, എഎപി എംപിമാരായ സഞ്ജയ് സിങ്, രാഘവ് ഛദ്ദ എന്നിവരും ഉണ്ടായിരുന്നു. ഓർഡിനൻസ് പിൻവലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കെസിആർ ആവശ്യപ്പെട്ടു. 'ജനങ്ങൾ തെരഞ്ഞെടുത്ത, ജനകീയ സർക്കാരിനെ പ്രവർത്തിക്കാൻ അവര്‍ അനുവദിക്കുന്നില്ല. സുപ്രീം കോടതിയുടെ വിധി മാനിക്കാൻ അവര്‍ക്ക് കഴിയുന്നില്ല. സുപ്രീം കോടതി വിധിയെ മാനിക്കാതെയുള്ള അവരുടെ യാത്ര അടിയന്തരാവസ്ഥയിലേക്കാണ്. ജനങ്ങൾ അത് തള്ളിപ്പറയുക തന്നെ ചെയ്യും. കർണാടകയിൽ ഉണ്ടായതുപോലെ ഒരു പാഠം ജനങ്ങള്‍ അവരെ പഠിപ്പിക്കും' - തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു.
പിന്തുണച്ചതിന് കെസിആറിന് നന്ദി:ഡൽഹിയിലെ ജനങ്ങൾക്ക് നീതി ലഭ്യമാക്കാന്‍ കെ ചന്ദ്രശേഖർ റാവുവും അദ്ദേഹത്തിന്‍റെ പാർട്ടിയും ഒപ്പമുണ്ടെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. 'ഇത് ഡൽഹിയുടെ മാത്രം കാര്യമല്ല. രാജ്യത്തിന്‍റെ ജനാധിപത്യം സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നതാണ്. കേന്ദ്രം കൊണ്ടുവന്നിരിക്കുന്ന ഓർഡിനൻസ് ജനാധിപത്യത്തിനും ഭരണഘടനയ്ക്കും എതിരാണ്. പിന്തുണച്ചതിന് കെ ചന്ദ്രശേഖർ റാവുവിന് ഡൽഹിയിലെ ജനങ്ങൾക്ക് വേണ്ടി ഞാൻ നന്ദി പറയുന്നു.' - കെജ്‌രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഡല്‍ഹിയിലെ ഉദ്യോഗസ്ഥരുടെ നിയന്ത്രണാധികാരം സംസ്ഥാന സര്‍ക്കാരിനാണെന്ന സുപ്രീം കോടതി വിധിക്കെതിരായ കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെ നീക്കം കടുപ്പിച്ചിരിക്കുകയാണ് ആംആദ്‌മി പാര്‍ട്ടി (എഎപി). വിഷയത്തില്‍, കോൺഗ്രസ് മുന്‍ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടേയും പിന്തുണ വേണമെന്ന് അരവിന്ദ് കെജ്‌രിവാള്‍ അഭ്യര്‍ഥിച്ചു. ഇരുവരുമായും കൂടിക്കാഴ്‌ച നടത്താനാണ് എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ കെജ്‌രിവാള്‍ ലക്ഷ്യമിടുന്നത്.
READ MORE |കേന്ദ്ര ഓര്‍ഡിനന്‍സിനെതിരായ നീക്കം കടുപ്പിച്ച് കെജ്‌രിവാള്‍ ; രാഹുലിനേയും ഖാര്‍ഗെയേയും നേരിട്ടുകാണും
രാജ്യത്തുടനീളമുള്ള രാഷ്‌ട്രീയ പാർട്ടികളുടെ പിന്തുണ തേടാനാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ശ്രമം. കേന്ദ്ര സർക്കാർ പാസാക്കിയ ജനാധിപത്യ - ഭരണഘടന വിരുദ്ധ ഓർഡിനൻസിനെതിരെ പാർലമെന്‍റില്‍ കോൺഗ്രസിന്‍റെ പിന്തുണ തേടാനും സര്‍ക്കാരിനെതിരായ ആക്രമണം ചർച്ച ചെയ്യാനുമാണ് ശ്രമമെന്ന് കെജ്‌രിവാള്‍ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷന്‍ ഖാർഗെജിയേയും രാഹുൽ ഗാന്ധിയേയും നേരിട്ടുകണ്ട് സംസാരിക്കാന്‍ ഇന്ന് രാവിലെ വിളിച്ച് സമയം തേടിയിട്ടുണ്ടെന്നും കെജ്‌രിവാൾ ട്വിറ്ററിൽ കുറിച്ചു.