ഹൈദരാബാദ്: വിവിധ കാരണങ്ങളാൽ കരളിനുണ്ടാകുന്ന വീക്കവും അതുമൂലമുണ്ടാവുന്ന രോഗാവസ്ഥയുമാണ് ഹെപ്പറ്റൈറ്റിസ്. രോഗാവസ്ഥയെ പരിഗണിച്ച് ഇവ ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിങ്ങനെ അഞ്ച് തരമായി തിരിച്ചിട്ടുണ്ട്. കൃത്യസമയത്തുള്ള രോഗനിർണയവും ചികിത്സയും ലഭിച്ചില്ലെങ്കിൽ, ഹെപ്പറ്റൈറ്റിസിന്‍റെ പാർശ്വഫലങ്ങൾ കരളിനെ ക്രമേണ ദുർബലപ്പെടുത്തുകയും അത് കരളിന്‍റെ പ്രവർത്തനത്തെ തന്നെ തകിടം മറിക്കുകയും ചെയ്യും.
ഇതില്‍ തന്നെ ഏറെ ഗുരുതരമെന്ന് വിലയിരുത്തപ്പെടുന്നത് ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയാണ്. ഇവ കൃത്യസമയത്ത് കണ്ടെത്തുകയും ശരിയായി ചികിത്സിക്കുകയും ചെയ്തില്ലെങ്കിൽ ലിവർ സിറോസിസ്, ലിവര്‍ കാന്‍സര്‍ തുടങ്ങി വലിയ രോഗങ്ങളിലേക്കും വഴിമാറും. മാത്രമല്ല ആറുമാസമായി വിട്ടുമാറാത്ത കരള്‍ അണുബാധയെ 'ഗുരുതരമെന്നും', ആറ് മാസത്തിലധികം നീണ്ടുനില്‍ക്കുന്ന അണുബാധയെ വിട്ടുമാറാത്ത അണുബാധയായുമാണ് ആരോഗ്യ വിദഗ്‌ദരും വിലയിരുത്തുന്നത്.
ഇത്തരത്തില്‍ കരളിനെ ബാധിക്കുന്ന ഈ രോഗത്തെക്കുറിച്ചും അതിന്‍റെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും ലോകമെമ്പാടുമുള്ള ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായാണ് എല്ലാവര്‍ഷവും ജൂലൈ 28 ലോക ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നത്. മാത്രമല്ല "ഒരൊറ്റ ജീവിതം, ഒരു കരൾ" എന്നതാണ് 2023ലെ ലോക ഹെപ്പറ്റൈറ്റിസ് ദിനത്തിന്‍റെ പ്രമേയവും.
ഹെപ്പറ്റൈറ്റിസ് 'എ' യും ഹെപ്പറ്റൈറ്റിസ് 'ഇ' യും: മലിനമായ കുടിവെള്ളവും വൃത്തിഹീനമായ ഭക്ഷണവുമാണ് ഹെപ്പറ്റൈറ്റിസ് വരാനുള്ള പ്രധാന കാരണമായി പരിഗണിക്കുന്നത്. ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയെ അപേക്ഷിച്ച് ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ കരളിനുണ്ടാക്കുന്ന തകരാറ് താരതമ്യേന കുറവാണ്. അതുകൊണ്ടുതന്നെ സമീകൃതാഹാരവും ശരിയായ ചികിത്സയും തുടര്‍ന്നാല്‍ ഇത് തടയാനാകും.
ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ: കരളിനെ ഗുരുതരമായി തകരാറിലാക്കുന്നവയാണ് ഹെപ്പറ്റൈറ്റിസ് ബിയും ഹെപ്പറ്റൈറ്റിസ് സിയും. രക്തദാനം, രോഗബാധിതർ ഉപയോഗിക്കുന്ന ടൂത്ത് ബ്രഷുകൾ, റേസറുകൾ തുടങ്ങിയവ പങ്കുവയ്‌ക്കുന്നതിലൂടെ ഇവ ആരോഗ്യമുള്ള മറ്റ് ആളുകളിലേക്കും വൈറസ് പകരാം. മാത്രമല്ല മയക്കുമരുന്ന് കുത്തിവയ്ക്കുന്നതിലൂടെയും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിലൂടെയും ഹെപ്പറ്റൈറ്റിസ് ബിയും സിയും പിടിപെടാനുള്ള സാധ്യതയും ഏറെ കൂടുതലാണ്.
ഹെപ്പറ്റൈറ്റിസ് ഡി: സാധാരണമായി ഒരു വ്യക്തിക്ക് ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ ബാധിച്ചാൽ, ഹെപ്പറ്റൈറ്റിസ് ഡി ബാധിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഹെപ്പറ്റൈറ്റിസ് ഡി ബാധിതരുടെ കാര്യത്തില്‍ കരളിലെ വീക്കം വളരെക്കാലം നീണ്ടുനില്‍ക്കുകയും ചെയ്യും.
എന്നാല്‍ ഈ അഞ്ചുതരത്തിലുള്ള ഹെപ്പറ്റൈറ്റിസിന്‍റെയും പ്രധാന ലക്ഷണങ്ങള്‍ ഇവയാണ്:
- വയറുവേദന
- അടിക്കടിയുള്ള ദഹനക്കേടും വയറിളക്കവും
- മഞ്ഞപ്പിത്തം
- ചർമ്മത്തിലും നഖങ്ങളിലും കണ്ണുകളിലുമുള്ള മഞ്ഞനിറം
- ഓക്കാനവും ഛർദ്ദിയും
- വിശപ്പില്ലായ്മ
- തുടർച്ചയായ ശരീരഭാരം കുറയൽ
- പനി
- ശാരീരികവും മാനസികവുമായ അധ്വാനമില്ലാതെ തന്നെയുള്ള ക്ഷീണം അനുഭവപ്പെടല്‍
- കടുത്ത മഞ്ഞ നിറത്തിലുള്ള മൂത്രം
- സന്ധി വേദന
ഇപ്പറഞ്ഞ ലക്ഷണങ്ങളിൽ ഏതെങ്കിലും അനുഭവപ്പെടുകയാണെങ്കിൽ ഉടന്‍ തന്നെ ഡോക്ടറെ സമീപിച്ച് വൈദ്യസഹായം തേടേണ്ടതുണ്ട്.