'രക്തദാനം മഹാദാനം' എന്ന് എപ്പോഴും നാം കേള്‍ക്കാറുള്ളതാണ്. രക്‌തത്തിന് ശരീരത്തില്‍ അത്രയും വലിയ പങ്കുണ്ടെന്ന് അതില്‍ നിന്ന് തന്നെ നമുക്ക് മനസിലാക്കാം. രക്തം ആവശ്യമുള്ള നിരവധി ആളുകള്‍ നമുക്ക് ചുറ്റും ഉണ്ട്. വിവിധ അപകടങ്ങളില്‍ പരിക്കേറ്റവര്‍, മാരക അസുഖങ്ങള്‍ ബാധിച്ചവര്‍ തുടങ്ങി നിരവധി പേര്‍ക്ക് രക്തം ആവശ്യമായി വരാറുണ്ട്. ഇത്തരം ആളുകളെ രക്തം ദാനം ചെയ്‌ത് ജീവിതത്തിലേക്ക് തിരികെ കൈപിടിക്കേണ്ടതുണ്ട്.
അതുകൊണ്ട് തന്നെ രക്ത ദാനത്തെ കുറിച്ച് അവബോധം വളര്‍ത്തുന്നതിനും അത് പ്രോത്സാഹിപ്പിക്കുന്നതിനുമായി ലോക രക്തദാതാക്കളുടെ ദിനം ആചരിക്കുന്നു. എല്ലാ വര്‍ഷവും ജൂണ്‍ 14നാണ് ലോക രക്തദാന ദിനമായി ആചരിക്കുന്നത്. രക്തം ആവശ്യമായ ആളുകള്‍ക്ക് അത് നല്‍കി അവരുടെ ജീവന്‍ രക്ഷിക്കുന്ന വേദനയില്ലാത്ത പ്രവര്‍ത്തനമാണ് രക്തദാനം എന്നത്. കൂടുതല്‍ ആളുകളെ രക്തദാനത്തിന് പ്രോത്സാഹിപ്പിച്ച് കൂടുതല്‍ പേരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരികയെന്നതാണ് ഈ ദിനത്തിന്‍റെ ലക്ഷ്യം.
സുരക്ഷിതമായ രക്തദാനത്തിലൂടെ ദിവസേന നിരവധി ജീവന്‍ രക്ഷിക്കപ്പെടുന്നു. എന്നാല്‍, ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചില രാജ്യങ്ങളില്‍ രക്ത ക്ഷാമം വളരെയധികം രൂക്ഷമാണ്. പ്രത്യേകിച്ചും താഴ്‌ന്നതും ഇടത്തരം വരുമാനവുമുള്ളതുമായ രാജ്യങ്ങളില്‍. പണം നല്‍കാത്ത രക്തദാതാക്കളില്‍ നിന്ന് രക്തം ശേഖരിക്കുന്നതിനും അത് വേണ്ടപ്പെട്ടവര്‍ക്ക് ദാനം ചെയ്യുന്നതിനും പ്രോത്സാഹനം ചെയ്യുന്ന ദിനമാണിത്.
രക്തദാന ദിനാഘോഷം:2005 മുതലാണ് ലോകത്ത് രക്തദാന ദിനമായി ആചരിക്കപ്പെട്ട് തുടങ്ങിയത്. രക്ത ഗ്രൂപ്പുകളെ ആദ്യമായി തിരിച്ചറിഞ്ഞ ശാസ്‌ത്രജ്ഞന്‍ കാള്‍ലാന്‍റ് സ്റ്റെയിനറുടെ ജന്മ ദിനമാണ് രക്ത ദാന ദിനമായി ആചരിക്കുന്നത്. രക്തം നല്‍കുക, പ്ലാസ്‌മ നല്‍കുക, ജീവന്‍ പങ്കിടുക, പലപ്പോഴും പങ്കിടുക എന്നതാണ് 2023ലെ രക്തദാന ദിനത്തിന്‍റെ പ്രമേയം.
രക്തം നല്‍കേണ്ടത് ആര്‍ക്കെല്ലാം:ഗർഭധാരണവും പ്രസവവുമായി ബന്ധപ്പെട്ട രക്തസ്രാവം മൂലം ബുദ്ധിമുട്ടുന്ന സ്‌ത്രീകൾ, കടുത്ത വിളർച്ച അനുഭവിക്കുന്ന കുട്ടികൾ, രക്തം, അസ്ഥിമജ്ജ എന്നിവയുമായി ബന്ധപ്പെട്ട അസുഖങ്ങളുള്ളവര്‍, പാരമ്പര്യ ഹീമോഗ്ലോബിൻ തകരാറുകളുള്ളവര്‍, രോഗ പ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്ക് ഫലപ്രദമായ ചികിത്സ നല്‍കുന്നതിന് രക്തം അത്യന്താപേക്ഷിതമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
രക്തം ദാനം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്:18 വയസിനും 65 വയസിനും ഇടയില്‍ പ്രായമുള്ള ഏതൊരാള്‍ക്കും രക്തം ദാനം ചെയ്യാം. എന്നാല്‍ ഇയാള്‍ക്ക് 40 മുതല്‍ 45 കിലോ വരെ ശരീര ഭാരം ഉണ്ടാകണം. മാത്രമല്ല ശരീര താപനില നോര്‍മല്‍ ആയിട്ടുള്ള ആളുകള്‍ക്ക് മാത്രമാണ് രക്തദാനം ചെയ്യാനാകുക. രക്തം ദാനം ചെയ്യുന്നയാളുടെ രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് 12.5 ശതമാനത്തില്‍ കുറയാന്‍ പാടില്ല. മൂന്ന് മാസത്തില്‍ ഒരിക്കല്‍ മാത്രമെ ഒരാള്‍ക്ക് രക്തം ദാനം ചെയ്യാന്‍ കഴിയൂ. രക്തം ദാനം ചെയ്യുന്നയാള്‍ അടുത്തിടെ ദീര്‍ഘ ദൂര യാത്രകള്‍ നടത്തിയിട്ടില്ലെന്ന് ഉറപ്പ് വരുത്തണം. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ രക്തദാതാവ് കൊവിഡ് രോഗിയുമായി അടുത്ത് ഇടപഴകിയിട്ടില്ലെന്നം ഉറപ്പ് വരുത്തുകയും വേണം.