വാഷിങ്‌ടണ്‍: ഇന്ത്യന്‍ അമേരിക്കന്‍ ബിസിനസ് പ്രമുഖന്‍ അജയ്‌പാല്‍ സിങ് ബംഗയെ ലോക ബാങ്കിന്‍റെ അമരക്കാരനായി നിര്‍ദേശിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. ചരിത്രത്തിലെ ഈ നിര്‍ണായക നിമിഷത്തില്‍ ലോക ബാങ്കിനെ നയിക്കാന്‍ അജയ് യോഗ്യനാണെന്ന് ബൈഡന്‍ പ്രസ്‌താവനയിലൂടെയാണ് അറിയിച്ചത്. ലോകത്തിലെ രണ്ടാമത്തെ പേയ്‌മെന്‍റ് പ്രോസസിങ് കമ്പനിയായ മാസ്‌റ്റര്‍ കാര്‍ഡിന്‍റെ സിഇഒയായിരുന്ന 63 കാരനായ അജയ്‌പാല്‍ സിങ് ബംഗ നിലവില്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായ ജനറൽ അറ്റ്‌ലാന്റിക്കിന്‍റെ വൈസ് ചെയർമാനാണ്.
ബംഗയല്ലാതെ മറ്റാരുണ്ട്:ചരിത്രത്തിലെ ഈ നിർണായക നിമിഷത്തിൽ ലോക ബാങ്കിനെ നയിക്കാൻ അജയ് സമാനതകളില്ലാത്ത യോഗ്യനാണ്. മൂന്ന് പതിറ്റാണ്ടിലേറെ ആഗോള കമ്പനികൾ കെട്ടിപ്പടുക്കുകയും കൈകാര്യം ചെയ്യുകയും ചെയ്ത് ജോലി സാധ്യതകള്‍ സൃഷ്‌ടിക്കുകയും വികസ്വര സമ്പദ്‌വ്യവസ്ഥയിലേക്ക് നിക്ഷേപം കൊണ്ടുവരികയും മാറ്റത്തിന്‍റെ കാലഘട്ടങ്ങളിലൂടെ ഓർഗനൈസേഷനുകളെ നയിക്കുകയും ചെയ്യുന്നതില്‍ അദ്ദേഹം വിജയിച്ചു. ആഗോള നേതാക്കളുമായി സഹകരിച്ച് ആളുകളെയും സംവിധാനങ്ങളെയും കൈകാര്യം ചെയ്യുന്നതിലും ഫലം കണ്ടെത്തുന്നതിലും അദ്ദേഹത്തിന് മികച്ച ട്രാക്ക് റെക്കോർഡുണ്ടെന്നും ജോ ബൈഡന്‍ പ്രസ്‌താവനയില്‍ അറിയിച്ചു.
Also Read:ഗൂഗിളിനും മൈക്രോസോഫ്‌റ്റിനും പിന്നാലെ യൂട്യൂബും 'ഇന്ത്യന്‍ കൈകളില്‍' ; സിഇഒ കസേരയില്‍ നീല്‍ മോഹന്‍
അനുഭവ സമ്പന്നന്‍ ബംഗ:കാലാവസ്ഥ ഉൾപ്പെടെയുള്ള നമ്മുടെ കാലത്തെ ഏറ്റവും അടിയന്തിര വെല്ലുവിളികളെ നേരിടാൻ പൊതു സ്വകാര്യ വിഭവങ്ങൾ സമാഹരിക്കുന്നതില്‍ ബംഗയ്‌ക്ക് അനുഭവ സമ്പത്തുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ വളർന്ന ബംഗയ്ക്ക് വികസ്വര രാജ്യങ്ങൾ അഭിമുഖീകരിക്കുന്ന അവസരങ്ങളെയും വെല്ലുവിളികളെയും കുറിച്ചും അറിയാവുന്നത് കൊണ്ടുതന്നെ ദാരിദ്ര്യം കുറയ്ക്കുന്നതിനും സമൃദ്ധി കൊണ്ടുവരുന്നതിനും ലോക ബാങ്കിന് എങ്ങനെ പ്രവർത്തിക്കാനാകുമെന്ന് അദ്ദേഹത്തിന് വ്യക്തമായി അറിയാനാകുമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
യാത്ര തൊട്ടതെല്ലാം പൊന്നാക്കി: ഇന്ത്യന്‍ കരസേനയില്‍ നിന്ന് വിരമിച്ച ലഫ്‌റ്റനന്‍റ് ജനറല്‍ ഹര്‍ഭജന്‍ സിങ് ബംഗയുടെ മകനായി മഹാരാഷ്‌ട്രയിലെ പൂനെയില്‍ ജനിച്ച അജയ്‌പാല്‍ സിങ് ബംഗ 1981 ല്‍ മൾട്ടിനാഷണൽ ഫുഡ് ആൻഡ് ഡ്രിങ്ക് പ്രോസസിങ് കമ്പനിയായ നെസ്‌ലെയിലൂടെയാണ് തന്‍റെ കരിയര്‍ ആരംഭിക്കുന്നത്. തന്‍റെ കരിയിറിനിടെ ടെക്‌നോളജി, ഡാറ്റ, സാമ്പത്തിക സേവനങ്ങള്‍ തുടങ്ങി കൈവച്ച മേഖലകളിലെല്ലാം തന്നെ അദ്ദേഹം ആഗോള ശ്രദ്ധയും പിടിച്ചുപറ്റിയിരുന്നു. ഇന്‍റർനാഷണൽ ചേംബർ ഓഫ് കൊമേഴ്‌സിന്‍റെ ചെയർമാനായി 2020-2022 വരെ സേവനമനുഷ്‌ഠിച്ച അദ്ദേഹം നിലവില്‍ ചേമ്പറിന്‍റെ ഓണററി ചെയർമാനുമാണ്.
ലോകനേതാക്കള്‍ക്കൊപ്പം ഇരുന്നവന്‍:എക്സോറിന്‍റെ ചെയർമാന്‍, ടെമാസെക്കിന്‍റെ ഡയറക്‌ടര്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്ന ബംഗയ്‌ക്ക് ജനറൽ അറ്റ്‌ലാന്‍റിക്കിന്‍റെ കാലാവസ്ഥാ കേന്ദ്രീകൃത ഫണ്ടായ ബിയോണ്ട് നെറ്റ്‌സീറോയുടെ ഉപദേഷ്‌ടാവായും അമേരിക്കൻ റെഡ്‌ക്രോസ്, ക്രാഫ്റ്റ് ഫുഡ്‌സ്, ഡൗ ഇൻക് എന്നിവയുടെ ബോർഡുകളിൽ അംഗമായും പ്രവര്‍ത്തിച്ച പാരമ്പര്യവുമുണ്ട്. മാത്രമല്ല ട്രിലാറ്ററല്‍ കമ്മിഷന്‍ അംഗമെന്ന നിലയില്‍ സെൻട്രൽ അമേരിക്കയ്‌ക്കായുള്ള പങ്കാളിത്തത്തില്‍ വൈസ് പ്രസിഡന്‍റ് കമലാ ഹാരിസുമായി അടുത്ത് പ്രവർത്തിച്ചിട്ടുള്ള ബംഗ യുഎസ്-ഇന്ത്യ സ്‌ട്രാറ്റജിക് പാർട്‌ണർഷിപ്പ് ഫോറത്തിന്‍റെ സ്ഥാപക ട്രസ്‌റ്റിയുമാണ്. 2016ൽ ഭാരതം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിക്കുകയും ചെയ്‌തിരുന്നു.