ന്യൂഡൽഹി:വനിത സംവരണ ബിൽ (Women reservation bill) ലോക്‌സഭയിൽ ഇന്ന് അവതരിപ്പിച്ചേക്കും. ഇതിനിടെ വനിത സംവരണ ബില്ലിന്‍റെ ആശയം തങ്ങളുടേതാണെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി അവകാശപ്പെട്ടു (Sonia Gandhi on women reservation bill). പാർട്ടി ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണിതെന്നും നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും സോണിയ ഗാന്ധി പറഞ്ഞു.
ചൊവ്വാഴ്‌ച പാർലമെന്‍റിൽ പ്രവേശിക്കുന്നതിന് മുൻപ് ബില്ലിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കോൺഗ്രസിന്‍റെ മുതിർന്ന നേതാവ്. 'ഇത് ഞങ്ങളുടേതാണ്, അപ്‌നാ ഹേ' (It is ours, apna hai) എന്നായിരുന്നു സോണിയ ഗാന്ധിയുടെ മറുപടി.
കേന്ദ്ര മന്ത്രിസഭയുടെ തീരുമാനത്തെ തങ്ങൾ സ്വാഗതം ചെയ്യുന്നു എന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് (Congress general secretary Jairam Ramesh) എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചിരുന്നു. ബില്ലിന്‍റെ വിശദാംശങ്ങൾക്കായി കാത്തിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ സർവകക്ഷി യോഗത്തിൽ ബിൽ ചർച്ച ചെയ്യാത്തതിൽ വിമർശനം ഉന്നയിക്കുകയും ചെയ്‌തിരുന്നു.
'പ്രത്യേക സമ്മേളനത്തിന് മുമ്പുള്ള സർവകക്ഷി യോഗത്തിൽ ഇത് വളരെ നന്നായി ചർച്ച ചെയ്യാമായിരുന്നു. രഹസ്യത്തിന്‍റെ മറവിൽ പ്രവർത്തിക്കുന്നതിന് പകരം സമവായം ഉണ്ടാക്കാമായിരുന്നു'- എന്നാണ് അദ്ദേഹം കുറിച്ചത്.
അതേസമയം ചൊവ്വാഴ്‌ച സർക്കാർ വനിത സംവരണ ബിൽ അവതരിപ്പിക്കുകയാണെങ്കിൽ, അത് കോൺഗ്രസിന്‍റെയും യുപിഎ സർക്കാരിലെ സഖ്യകക്ഷികളുടെയും വിജയം ആയിരിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞു (P Chidambaram on Women Reservation Bill).